പട്ടികജാതി-വര്‍ഗ പീഡന നിയമം കാര്യക്ഷമമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന 2015ലെ നിയമ ഭേദഗതി പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഹൈദരാബാദ് സര്‍വകലാശാല ദലിത് ഗവേഷകനായ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയമം കാര്യക്ഷമമായി നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
2015 ജനുവരി 26ന് പ്രാബല്യത്തില്‍ വന്ന നിയമം നടപ്പാക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാനാണ് ആലോചന. നിയമത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം തടയാന്‍ വകുപ്പുകളുണ്ടെങ്കിലും ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുനപ്പരിശോധന നടത്തുന്നത്.
പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരെ പല അതിക്രമങ്ങളും പഴയ നിയമത്തിന്റെ പരിധിയില്‍ വരാതിരുന്ന സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നതിന് കൂടിയാണ് യോഗം വിളിച്ചു കൂട്ടിയതെന്നും മന്ത്രി അറിയിച്ചു. പുതിയ നിയമം നടപ്പാക്കുന്നതിനുള്ള ഭരണ സംവിധാനവും മാനുഷിക വിഭവങ്ങളും സജ്ജമാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
Next Story

RELATED STORIES

Share it