Flash News

പട്ടികജാതി- വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം : പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലെ കാലതാമസം നീതിനിഷേധം - കമ്മീഷന്‍



കോട്ടയം: പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഉണ്ടാവുന്ന കാലതാമസം നീതിനിഷേധമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജി പി എന്‍ വിജയകുമാര്‍. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടികജാതി-പട്ടികഗോത്രവര്‍ഗ അദാലത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത കേസുകളില്‍ പോലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടാവുന്നു. പട്ടികജാതി പീഡനനിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ രണ്ടു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഇതിന് പ്രധാനകാരണം അറസ്റ്റിലെ കാലതാമസമാണ്. പ്രതിക്ക് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അവസരം നല്‍കുന്നതാണിത്. പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവുന്നതില്‍ അന്വേഷണത്തിലെ പാളിച്ചയും സാക്ഷികളുടെ കൂറുമാറ്റവും കാരണങ്ങളാണ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചെന്നും മണ്‍വെട്ടി കൊണ്ട് പരിക്കേല്‍പിച്ചുവെന്നുമുള്ള വൈക്കം ഇടയാഴം സ്വദേശിയുടെ പരാതിയില്‍ പരാതിക്കാരനെ ചികില്‍സിച്ച ഡോക്ടര്‍ പരിക്കിന്റെ സ്വഭാവമോ മുറിവിന്റെ നീളമോ ആഴമോ റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ല. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മൂന്നു മാസമെടുത്തു. അന്വേഷണം ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ക്രൈം) നേരിട്ട് നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വിവാഹവാഗ്ദാനം നല്‍കി മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയുടെ രേഖാചിത്രം വരച്ച് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണം. ഇരയായ പെണ്‍കുട്ടിക്ക് പട്ടികജാതി വികസന ഓഫിസില്‍ നിന്നുള്ള ആനുകൂല്യം നല്‍കണമെന്ന് നിര്‍ദേശിച്ചതായും കമ്മീഷന്‍ പറഞ്ഞു. പാരമ്പര്യ ചികില്‍സ നടത്തുന്നതിന് അനുമതി നിഷേധിക്കപ്പെടുന്നുവെന്ന പരാതിയില്‍ ആയുര്‍വേദ ഡയറക്ടറോട് പരാതി സംബന്ധിച്ച് വിശദാന്വേഷണം നടത്തി റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. പാരമ്പര്യ ചികില്‍സ നടത്താന്‍ യോഗ്യയാണെന്നു തെളിയിക്കുന്ന രേഖകള്‍ ഒരു മാസത്തിനകം ഹാജരാക്കാന്‍ പരാതിക്കാരിയോടും കമ്മീഷന്‍ നിര്‍ദേശിച്ചു. 60 കേസുകള്‍ പരിഗണിച്ചതില്‍ 42 എണ്ണം തീര്‍പ്പാക്കി. 13 എണ്ണം പുതിയ പരാതികളാണ്. തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫിസില്‍ പരിഗണിക്കും. മെംബര്‍മാരായ എഴുകോണ്‍ നാരായണന്‍ (മുന്‍ എംഎല്‍എ), അഡ്വ. കെ കെ മനോജ് എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it