wayanad local

പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ പോലിസ് അതിക്രമങ്ങള്‍ പെരുകുന്നു; പോലിസിന് രൂക്ഷ വിമര്‍ശനം

കല്‍പ്പറ്റ: പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്തില്‍ പോലിസിന് രൂക്ഷ വിമര്‍ശനം. പുതുതായി ചുമതലയേറ്റ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ ആദ്യ അദാലത്തില്‍ ജില്ലാ പോലിസ് മേധാവി പങ്കെടുക്കാത്തത് ചെയര്‍മാനെ ചൊടിപ്പിച്ചു. ജില്ലയില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ പോലിസ് അതിക്രമങ്ങള്‍ പെരുകുകയാണെന്നു കമ്മീഷന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ നടന്ന അദാലത്തില്‍ ജില്ലാ പോലിസ് മേധാവി നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു.
എത്താന്‍ കഴിയില്ലെങ്കില്‍ അതു കമ്മീഷനെ അറിയിക്കണമായിരുന്നു. എന്നാല്‍, ഒരു ഡിവൈഎസ്പിയെ ചുമതലയേല്‍പ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇതു കമ്മീഷനെ അവഹേളിക്കുന്നതിനു തുല്യമാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കലക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന അദാലത്തില്‍ 58 കേസുകള്‍ തീര്‍പ്പാക്കി. ആകെ 69 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്. പുതുതായി 45 പരാതികള്‍ സ്വീകരിച്ചു. ലഭിച്ച പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു റിപോര്‍ട്ട് തേടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു കമ്മീഷന്‍ അധ്യക്ഷന്‍ ബി എസ് മാവോജി പറഞ്ഞു. പോലിസിനെതിരേ 13 പരാതികള്‍ ലഭിച്ചു. ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. ഭൂമി വാങ്ങി നല്‍കുന്നതില്‍ ഉയര്‍ന്ന ക്രമക്കേടുകളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപോര്‍ട്ട് തേടും. ഇത്തരം കേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. തൃക്കൈപ്പറ്റ നെല്ലിമാളത്ത് ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച ആദിവാസി യുവാവിനെ മതംമാറാന്‍ പ്രേരിപ്പിച്ച് മര്‍ദിച്ചുവെന്ന പരാതിയും കമ്മീഷന്റെ മുന്നിലെത്തി.
ഈ കേസില്‍ പോലിസിനെതിരേ പരാതിയുണ്ട്. പരാതിക്കാരനായ യുവാവിനെതിരേ കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ഡിജിപിയോട് അന്വേഷിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടും. സഹകരണബാങ്കുകളില്‍ സംവരണം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കും. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ സംതൃപ്തി പ്രകടിപ്പിച്ചു.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പോലിസ്, എക്‌സൈസ് വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം നില്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഉദ്യോഗാര്‍ഥികള്‍ക്ക് യൂനിഫോമിനും മറ്റുമായി വരുന്ന ചെലവുകള്‍ ഗ്രാന്റായി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചു. ഇതിനാവശ്യമായ തുക ഇതര ഫണ്ടുകളില്‍ നിന്നു വിനിയോഗിക്കാം. ആവശ്യമെങ്കില്‍ കമ്മീഷന്‍ പ്രത്യേക ഉത്തരവ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്നു ബെഞ്ചുകളിലായാണ് കമ്മീഷന്‍ കേസുകള്‍ പരിഗണിച്ചത്.
Next Story

RELATED STORIES

Share it