Flash News

പട്ടികജാതി-വര്‍ഗക്കാരുടെ ചികില്‍സാ ധനസഹായം : അക്ഷയ വഴി അപേക്ഷിക്കാം



തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികില്‍സാ ധനസഹായം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇനിമുതല്‍ സൗജന്യമായി നല്‍കാം. ടി-ഗ്രാന്റ്‌സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്ഷയ കേന്ദ്രത്തില്‍ നിന്ന് അപേക്ഷിക്കുമ്പോള്‍ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച് അക്ഷയ കേന്ദ്രങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ടി-ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍ വഴിയോ അക്ഷയ സെന്ററുകള്‍ മുഖേനയോ എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്തോട് കൂടിയും അപേക്ഷ സമര്‍പ്പിക്കാം. രോഗിയല്ല അപേക്ഷകനെങ്കില്‍ രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം. ധനസഹായം പാസായാല്‍ ബന്ധപ്പെട്ട അപേക്ഷകന് അപ്പോള്‍ തന്നെ ആ വിവരം ഫോണില്‍ എസ്എംഎസ് ആയി ലഭ്യമാവും.അക്ഷയയിലൂടെ അപേക്ഷിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് ഇതു പരിശോധിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റ് ഔട്ടും സ്‌കാന്‍ ചെയ്ത രേഖകളുടെ അസ്സലും അതത് ബ്ലോക്ക്/നഗരസഭ/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍ക്കു നല്‍കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളില്‍ ടി-ഗ്രാന്റ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷയുമായി ബന്ധപ്പെട്ട് അക്ഷയയിലെ ജീവനക്കാര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ അക്ഷയ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
Next Story

RELATED STORIES

Share it