kasaragod local

പട്ടികജാതി കുടുംബത്തിന്റെ സ്വത്ത് പഞ്ചായത്തംഗം തട്ടിയെടുത്തു

കാസര്‍കോട്്: ചെങ്കള പഞ്ചായത്തിലെ നെക്രാജെ വില്ലേജിലെ സര്‍വേ നമ്പര്‍ 130/29ല്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുത്ത പഞ്ചായത്ത് അംഗത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് നീര്‍ച്ചാല്‍ കന്യപ്പാടിയിലെ ഉഷ, ഭര്‍ത്താവ് ശങ്കരന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഹമീദ് നെക്രാജെ, മോഹന്‍ഷെട്ടി, രമേശ് മാവിനക്കട്ട വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉഷക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും 3,75,000 രൂപ സ്ഥലം വാങ്ങാന്‍ അനുവദിച്ചിരുന്നു. ചെങ്കള പഞ്ചായത്ത് ഏഴാംവാര്‍ഡിലെ സാലത്തടുക്ക എന്ന സ്ഥലത്ത് ഒമ്പത് സെന്റ് സ്ഥലം വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പഞ്ചായത്തിലെ നാലാംവാര്‍ഡ് അംഗവും സിപിഎം പ്രവര്‍ത്തകനുമായ അബ്ദുല്ലക്കുഞ്ഞി കുര്‍ള തന്നെ സമീപിക്കുകയും സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ബദിയടുക്ക രജിസ്ട്രാര്‍ ഓഫിസില്‍ കൊണ്ടുപോയി രേഖകളില്‍ ഒപ്പുവെപ്പിച്ചു. എന്നാല്‍ അഞ്ച് സെന്റ് സ്ഥലം മാത്രമാണ് ലഭിച്ചത്. സ്ഥലം ഉടമ കൈസം എന്നയാളാണ്. എന്നാല്‍ ഹസന്‍ കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.
വിദ്യാഭ്യാസമില്ലാത്ത തനിക്ക് സ്ഥലത്തിന്റെ വിസ്തീര്‍ണ്ണമോ മറ്റ് കാര്യങ്ങളോ അറിയില്ലായിരുന്നു. ഇത് മുതലെടുത്ത് ഒരു സെന്റിന് 30,000 രൂപ മാത്രം വിലയുള്ള സ്ഥലമാണ് 3,75,000 രൂപ കൈപ്പറ്റി നല്‍കിയത്. ഇതേ കുറിച്ച് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിനും സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ബദിയടുക്ക പോലിസിലും പരാതി നല്‍കിയിരുന്നു. ഇതിനിടെ തനിക്കെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്തംഗം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എതിര്‍കക്ഷി കരുതിക്കൂട്ടി ചതിക്കണമെന്ന ഉദ്ദേശത്തോടെയാണ് തട്ടിപ്പ് നടത്തിയത്. പണം അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്.
പ്രശ്‌നം വിവാദമായതോടെ കുഴല്‍ കിണറും ശൗചാലയവും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീണ്ടും വഞ്ചിച്ചതായും ഉഷ പറഞ്ഞു. കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഉഷക്ക് ഒമ്പത് സെന്റ സ്ഥലമാണെന്ന് പറഞ്ഞ് അഞ്ച് സെന്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.



Next Story

RELATED STORIES

Share it