Pathanamthitta local

പട്ടികജാതിയില്‍പ്പെട്ട ഭൂരിപക്ഷ സമുദായാംഗങ്ങളെ അവഗണിച്ചെന്ന് കെ പ്രതാപന്‍

പത്തനംതിട്ട: ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ. കെ ജയവര്‍മ്മ എന്നിവര്‍ക്ക് പുറമെ മറ്റൊരു കെപിസിസി നിര്‍വാഹക സമിതിയംഗം കൂടി കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പൊട്ടിത്തെറിച്ച് രംഗത്തെത്തി.  മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ. കെ പ്രതാപനാണ് അടൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാക്ക് നല്‍കിയതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവരുന്ന പട്ടികജാതി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പത്തില്‍പ്പരം നേതാക്കള്‍ അടൂരില്‍ ഉള്ളപ്പോഴാണ് പുറത്തുനിന്നും ഒരാളെ ഇറക്കുമതി ചെയ്തിരിക്കുന്നത്. അതും കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഒരുമാസം തികയും മുമ്പെ. അടൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി ലിസ്റ്റില്‍ ആദ്യസ്ഥാനം പ്രതാപന്റേതായിരുന്നു.
ഘടകകക്ഷിക്കാണ് സീറ്റെങ്കില്‍ മാത്രം  ഷാജുവിനെ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെന്ന് വരുത്തിതീര്‍ത്ത് ഷാജു സീറ്റ് അടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അംഗീകരിക്കാതെ ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കാലുമാറിയെത്തുന്നവര്‍ക്കും സീറ്റ് നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്. ഷാജുവിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ അടൂര്‍ മണ്ഡലത്തിലെ പട്ടികജാതിയില്‍പ്പെട്ട ഭൂരിപക്ഷ സമുദായംഗങ്ങളെയാകെ കോണ്‍ഗ്രസ്സ് നേതൃത്വം അവഗണിച്ചിരിക്കുകയാണെന്ന് പ്രതാപന്‍ പറഞ്ഞു. ഇത് മണ്ഡലത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കുന്ന മനോവിഷമം ചെറുതല്ല. സീറ്റില്ലായെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. ഘടകകക്ഷി സ്ഥാനാര്‍ഥിയായാണ് ഷാജു എത്തിയിരുന്നെങ്കിലും സ്വാഗതം ചെയ്യുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്ഥാനാര്‍ഥി തീരുമാനം വരുംമുമ്പെ കെ കെ ഷാജു മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഇത് കെപിസിസി അധ്യക്ഷന്റെ അടുത്ത് നേരിട്ട് ബോധിപ്പിച്ചിരുന്നതാണ്. ഉടന്‍ തന്നെ അദ്ദേഹം മൊബൈലില്‍ ഷാജുവിനോട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. എന്നിട്ടും കെപിസിസി അധ്യക്ഷന്റെ നിര്‍ദേശത്തെ അവഗണിച്ചുകൊണ്ട് ഷാജു തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുമ്പോട്ടുപോവുകയായിരുന്നു. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന ഒരാളെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ അംഗീകരിക്കുമെന്ന് കണ്ടറിയണം. മറ്റൊരു നിര്‍വാഹക സമിതിയംഗം കൂടിയായ കെ വി പത്മനാഭനും കെ കെ ഷാജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം അല്‍പം കൂടി കടന്ന് മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചു. തോല്‍ക്കുന്ന ഒരു സീറ്റ് നല്‍കിയിട്ട് എല്ലാക്കാലവും അവഗണിച്ചിരുത്താമെന്ന വ്യാമോഹമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളതെന്നാണ് പത്മനാഭന്‍ പന്തളത്തുവെച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
Next Story

RELATED STORIES

Share it