Kollam Local

പട്ടാളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം



ചവറ: പട്ടാളത്തിന്റെ പേരിലും തട്ടിപ്പ്. ആര്‍മി റിക്രൂട്ട്‌മെന്റുകളുടെ മറവിലാണ് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും പണം തട്ടുന്ന സംഘം സജീവമായുള്ളത്. ഗവണ്‍മെന്റ്  ജോലി സ്വപ്‌നം കാണുന്ന ചെറുപ്പക്കാരെയും രക്ഷിതാക്കളെയും പരിശീലനത്തിന്റെ മറവില്‍ കബളിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങിയെടുക്കുന്നത്. ദിവസങ്ങള്‍ നീളുന്ന പരിശീലനവും ഇക്കൂട്ടര്‍ നല്‍കുന്നുണ്ട്. റിക്രൂട്ട്‌മെന്റില്‍ സ്വന്തം കഴിവ് കൊണ്ട് യോഗ്യത നേടിയ നിരവധി പേരില്‍ നിന്നും ഇക്കൂട്ടര്‍ പണം വാങ്ങിയതായി ആര്‍മി ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ റിക്രൂട്ടിങ് കേന്ദ്രങ്ങളില്‍ രഹസ്യാന്വേഷണം നടന്നു വരികയാണ്.  ദിവസങ്ങള്‍ക്ക് മുമ്പ് പന്മന സ്വദേശിയായ വിമുക്ത ഭടനെ കോഴിക്കോട് നടക്കാവ് പോലിസും ആര്‍മി ഇന്റലിജന്റ്‌സ് സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നിരവധിയാളുകളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായി രഹസ്യ വിവരം കിട്ടിയതിന്റെ  അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ആര്‍മി നഴ്‌സിങ് കം സോള്‍ജ്യര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോട് നടന്നു വരിവെയാണ് സംഭവം. ഇവിടെ ഇയാള്‍ കുട്ടികളുമായി എത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്‌മെന്റില്‍ ഇയാളെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ജോലി കിട്ടിയ പലരുടെയും രക്ഷിതാക്കള്‍ ഇയാള്‍ക്ക് പണം നല്‍കിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ രേഖാമൂലം ആരും പരാതി നല്‍കാത്തതിനാല്‍ നടപടി എടുക്കാതെ വിട്ടയക്കുകയായിരുന്നു. സമാന രീതിയില്‍ പരിശീലനം നല്‍കി റിക്രൂട്ട്‌മെന്റില്‍ പങ്കെടുപ്പിക്കുന്ന നിരവധി പേരാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. പരിശീലനത്തിന് കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കളില്‍ ചിലര്‍ ജോലിക്കായി മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഇത് മുതലെടുത്താണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. ശാരിരിക ക്ഷമതാ ടെസ്റ്റില്‍ വിജയിച്ചാല്‍ പകുതി തുകയും ജോലി ലഭിച്ചാല്‍ ബാക്കി തുകയും വാങ്ങിച്ചെടുക്കുകയാണ് രീതി.  കസ്റ്റഡിയിലെടുത്ത പന്മന സ്വദേശിയെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും വ്യാജ പരിശീലകരെയും തട്ടിപ്പ് സംഘങ്ങളെയും  കൂടുതല്‍ നിരീക്ഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it