palakkad local

പട്ടാമ്പി മണ്ഡലത്തില്‍ അമ്പതോളം പേര്‍ക്ക് ഡെങ്കിപ്പനി



പട്ടാമ്പി: പട്ടാമ്പി മണ്ഡലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പനിബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ദിനംപ്രതി 800ലധികം പനിബാധിതരാണ് ചികില്‍സതേടിയെത്തുന്നത്. 50ലേറെ പേര്‍ക്ക് ഡെങ്കിപ്പിനി സ്ഥിരീകരിച്ചു. നടുവട്ടത്ത് ഒരാള്‍ക്ക് മലേറിയയും പിടിപ്പെട്ടു. ചിക്കന്‍പോക്‌സ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിച്ച് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പട്ടാമ്പി താലൂക്കാശുപത്രിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒപിയില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ശനിയാഴ്ച ഒപിയില്‍മാത്രം ആയിരത്തിലേറെ പേരാണ് എത്തിയത്. ഏഴുപേരെ ഡെങ്കിപ്പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പം ഗവ. ആശുപത്രിയില്‍ ഒപിയില്‍ ദിനംപ്രതി 950ഓളം പേര്‍ എത്തുന്നു. ഇതില്‍ മുക്കാല്‍ഭാഗവും പനിബാധിതരാണ്. 10ഓളം പേര്‍ക്ക് ഡെങ്കിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. നടുവട്ടത്ത് ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ പിടിപ്പെട്ടിരിക്കുന്നത്. വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍, മുതുതല തുടങ്ങിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനിബാധിതര്‍ വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്ക് സൂചിപ്പിക്കുന്നു. പനിബാധിതര്‍ ഏറ്റവും കൂടുതല്‍ ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പനിബാധിതര്‍ വര്‍ധിച്ചു. മഴ തുടങ്ങിയതിനുശേഷമാണ് പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മിക്കയിടങ്ങളിലും പാതിവഴിയിലാണ്. കൊതുക് നശീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ് നീങ്ങുന്നത്. പനി പടര്‍ന്നുപിടിക്കുമ്പോഴും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ േഡാക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അഭാവവും പ്രകടമാണ്. ക്ലീനിങ് സ്റ്റാഫുകള്‍, ഫീല്‍ഡ് സ്റ്റാഫുകള്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ ജീവനക്കാരുടെ അഭാവവും ചികില്‍സതേടിയെത്തുന്ന രോഗികളെ വലയ്ക്കുന്നു. മണ്ഡലത്തില്‍ പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ആവശ്യമായ ജീവനക്കാരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിയമിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it