palakkad local

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ വാശിയേറിയ മല്‍സരം

പട്ടാമ്പി: 15 വാര്‍ഡുകളുള്ള പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ മല്‍സരം തീപാറും. കഴിഞ്ഞ 10 വര്‍ഷമായി ഭരണ കക്ഷിയായ എല്‍ഡിഎഫ് ഭരണ തുടര്‍ച്ചക്കും രണ്ട് തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുന്നതിനു വേണ്ടി യുഡിഎഫും 14 വാര്‍ഡുകളിലും ബിജെപിയും മല്‍സരിക്കുമ്പോള്‍ മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ എസ്ഡിപിഐ വോട്ടുകള്‍ ചരിത്രം മാറ്റിയെഴുതും.
പട്ടാമ്പി മണ്ഡലത്തില്‍ ഏഴായിരത്തില്‍പ്പരം വോട്ടുകളുള്ള എസ്ഡിപിഐ ഏത് മുന്നണിയെ പിന്തുണക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ജയ പരാജയങ്ങള്‍. പലരും പിന്തുണക്കായി വ്യക്തി പരമായി സമീപിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായി ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ബ്രാഞ്ച്, പഞ്ചായത്ത് കമ്മിറ്റികളുടെയും സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെയും കൂടിയാലോചനകള്‍ക്ക് ശേഷം ഈ ആഴ്ച അവസാനം വ്യക്തത വരുമെന്ന് മണ്ഡലം പ്രസിഡന്റ് റഷീദ് വിളയൂര്‍ അറിയിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും നിരവധി തവണ ഏരിയാസെക്രട്ടറിയുമായിരുന്ന എന്‍ ഉണ്ണികൃഷ്ണന്‍, സിപിഐയിലെ ഇ പി ശങ്കരന്‍, കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമണി മോഹനന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം എ പുഷ്പലത, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വാസുദേവന്‍, മുതുതലയിലെ വിപ്ലവേതിഹാസം രഘുമാഷിന്റെ പുത്രന്‍ അഡ്വ. വരുണ്‍ രഘുനാഥ് എന്നിവര്‍ എല്‍ഡിഎഫില്‍ നിന്നും ജനവിധി തേടുമ്പോള്‍ ജില്ലാ പഞ്ചായത്തംഗവും കൊപ്പം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കമ്മുകുട്ടി എടത്തോള്‍, ബ്ലോക്ക് പഞ്ചായത്തംഗമായ ലീഗ് നേതാവ് വിഎം മുഹമ്മദലി, കെ കെ അസീസ്, രാജീവ്, സലീം, സമീര്‍, ശിവന്‍ തുടങ്ങിയവരെയാണ് യുഡിഎഫ് അണിനിരത്തിയിരിക്കുന്നത്. കരുവാന്‍പടി മണ്ഡലത്തില്‍ നിന്ന് ബിജെപിക്കാര്‍ നല്‍കിയ പത്രിക തള്ളിയത് കൊണ്ടാണ് സ്ഥാനാര്‍ഥികള്‍ 14 ആയി ചുരുങ്ങിയത്.
തൃത്താല നിയോജക മണ്ഡലത്തിലെ പരുതൂര്‍ പഞ്ചായത്ത്, മുതുതല, തിരുവേഗപുറ, കൊപ്പം, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍, വിളയൂര്‍ എന്നീ ഏഴ് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം. നിലവില്‍ എല്‍ഡിഎഫിന് 9 ഉം യുഡിഎഫിന് 6 ഉം ആണ് കക്ഷി നില.
പട്ടാമ്പി നഗരസഭ ആയെങ്കിലും ബ്ലോക്കില്‍ ഉള്‍പ്പെടില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പരുതൂര്‍, മുതുതല, വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരിപക്ഷം കൊണ്ട് യുഡിഎഫ് ഭരണത്തിലുള്ള കൊപ്പം, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ പഞ്ചായത്തുകളെ നിഷ്പ്രയാസം മറി കടക്കാമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it