palakkad local

പട്ടാമ്പി ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും സാമൂഹികവിരുദ്ധരുടെ താവളമാവുന്നു

പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്റ്റേഷനും നഗരസഭാ ബസ് സ്റ്റാന്റും കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധര്‍ വിലസുമ്പോള്‍ പോലിസ് എയ്ഡ്‌പോസ്റ്റും പരിശോധനകളും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. നഗരസഭാ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പോലിസ് എയ്ഡ്‌പോസ്റ്റുണ്ടെങ്കിലും ആരുമില്ലാത്ത സ്ഥിതിയാണ്. ചോര്‍ന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും രാപ്പകല്‍ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധര്‍ വിലസുന്നത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുന്നു.
മദ്യപാനികള്‍ വിളയാടുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ ഇത്തരത്തിലാണെങ്കില്‍ സമീപമുള്ള നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന്റെ അവസ്ഥ മറ്റൊന്നാണ്. സ്വകാര്യ ബസ് ജീവനക്കാരുടെ അപ്രഖ്യാപിത വര്‍ക്ക്‌ഷോപ്പായും ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കാനുള്ള സ്ഥലമായുമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. യാതൊരു വൃത്തിയുമില്ലാത്ത കംഫര്‍ട്ട് സ്റ്റേഷനില്‍ പണം കൊടുത്ത് കയറുന്നവര്‍ മൂക്കുപൊത്തേണ്ട അവസ്ഥ നിലനില്‍ക്കുമ്പോള്‍ കൗണ്ടറിലിരിക്കുന്ന വ്യക്തികളുടെ ഒരു കൈയില്‍ ലോട്ടറി ടിക്കറ്റുകളും മറുകൈയില്‍ സിഗരറ്റ് ഉള്‍പ്പടെയുള്ള ലഹരി പദ്ധാര്‍ഥങ്ങളുമാണുണ്ടാവാറുള്ളതെന്ന് പറയുന്നു. സമീപം പുഴയോരത്തേക്ക് ഇറങ്ങാനുള്ള കടവുണ്ടെങ്കിലും കംഫര്‍ട്ട് സ്റ്റേഷന് പിറകുവശം സാമൂഹികവിരുദ്ധരുടെ താവളമാണ്.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരു ഭാഗം ഇത്തരത്തിലാണെങ്കില്‍ പള്ളിപ്പുറം ഭാഗങ്ങളിലേക്ക് പോവാനുള്ള ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം സ്വകാര്യ ബസ്സുകാരുടെ മൊബൈല്‍ വിശ്രമകേന്ദ്രമായും അപ്രഖ്യാപിത പാര്‍ക്കിങ് ഏരിയയുമാണ്. സംഗതി ഇത്തരത്തിലാണെങ്കിലും പോലിസോ ഹോം ഗാര്‍ഡോ ഇല്ലാത്ത അവസ്ഥയും രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടെ തുടരുകയാണ്. സ്ഥലം എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നനുവദിച്ച തുക കൊണ്ട് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ അവസ്ഥ. പട്ടാമ്പി നഗരസഭാ ബസ്സ്റ്റാ ന്റില്‍ വന്നിറങ്ങുന്ന അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ക്ക് രാത്രിയാകുന്നതോടെ ബസ് കാത്തിരിക്കാനോ നില്‍ക്കാനോ പറ്റാത്ത സ്ഥിതിയും ഇതുമൂലമുണ്ട്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഹൈമാസ്റ്റ് വിളക്ക് പ്രവര്‍ത്തിച്ചിട്ട് മാസങ്ങളേറെയായതും ബസിറങ്ങുന്ന യാത്രക്കാര്‍ക്ക് ദുരിതം കൂട്ടുന്നു. ബസ് സ്റ്റാന്റില്‍ വിളക്കുകളൊന്നുമില്ലെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിരോധിത ഫഌക്‌സ് ബോര്‍ഡുകളാല്‍ മൂടപ്പെട്ട നിലയിലാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേയും നിരവധി വ്യാപാര സ്ഥാപനങ്ങളുടേയും ഫഌക്‌സ് ബോര്‍ഡുകളാല്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയും ബസ് കാത്തിരിപ്പുകേന്ദ്രത്തിനുണ്ട്.
രാത്രിയാകുന്നതോടെ സാമൂഹികവിരുദ്ധരുടെ താവളം നഗരസഭാ ബസ് കാത്തിരിപ്പുകേന്ദ്രവും പട്ടാമ്പി റെയില്‍വേ സ്റ്റേഷനും കൂടുന്ന പ്രദേശമാണ്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ്സിറങ്ങുന്ന യാത്രക്കാരെ കവര്‍ച്ച ചെയ്യാനും തട്ടിപ്പറിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പ്രാണഭയമില്ലാതെ റെയില്‍വേ സ്റ്റേഷന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പകല്‍മാത്രം തെളിയുന്ന റെയില്‍വേ സ്റ്റേഷനുകളിലെ വിളക്കുകള്‍ രാത്രികാലങ്ങളില്‍ അണച്ച് റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരും ഇത്തരം സംഘങ്ങള്‍ക്ക് തുണ നല്‍കുന്നതായി പറയുന്നു.
പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പരിസരവും പട്ടാമ്പി നഗരസഭാ ബസ് സ്റ്റാന്റ് പരിസരവും രാപ്പകല്‍ വ്യത്യാസമില്ലാതെ സാമൂഹികവിരുദ്ധര്‍ കൈയടക്കുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥക്കെതിരെ ശക്തമായ ജനകീയ രോഷമാണുയരുന്നത്. നഗരസഭാ ബസ് സ്റ്റാന്റ് പരിസരങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കമാനം വരേയുള്ള പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന പരിസരങ്ങളിലും രാപ്പകല്‍ വ്യത്യാസമില്ലാതെ പോലിസ് പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പട്ടാമ്പിയിലെ കംഫര്‍ട്ട് സ്റ്റേഷന്റേയും എയ്ഡ്‌പോസ്റ്റിന്റേയും പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നുമാണ് ജനകീയാവശ്യം.
Next Story

RELATED STORIES

Share it