palakkad local

പട്ടാമ്പി പുഴയില്‍ കിണര്‍ കുഴിച്ച് ജലവിതരണം പുനരാരംഭിച്ചു



പട്ടാമ്പി: ഭാരതപ്പുഴ വീണ്ടും വററിയതോടെ നിലച്ചുപോയ ശുദ്ധജല വിതരണം പുഴയില്‍ കിണര്‍ കുഴിച്ച് നഗരസഭ പുനരാരംഭിച്ചു. സ്വകാര്യ ബസ് സ്‌ററാന്‍ഡിനടുത്തുള്ള കുടിവെള്ള പദ്ധതിക്ക് സമീപമാണ് ഭാരതപ്പുഴയില്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കി കിണര്‍ നിര്‍മിച്ചത്. കിണറില്‍ നിന്നും രണ്ട് മണിക്കൂര്‍ പമ്പിങ്ങ് നടത്തി വിതരണം നടത്താനുള്ള ജലം ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി പറഞ്ഞു. ഒരു മണിക്കൂര്‍ പമ്പിങ്ങ് നിര്‍ത്തിയാല്‍ കിണറില്‍ നിറയുന്ന ജലംകൊണ്ട് വീണ്ടും രണ്ട് മണിക്കൂര്‍ പമ്പിങ്ങ് നടത്താന്‍ കഴിയും. ഈ വെള്ളം കൊണ്ട് പട്ടാമ്പി ടൗണിലും പരിസരപ്രദേശങ്ങളിലൂമാണ് ശുദ്ധജല വിതരണം നടത്തുന്നത്. മറ്റു രീതിയില്‍ വിതരണം ചെയ്യാനാവശ്യമായ ശുദ്ധജലത്തിന്റെ ഗുണനിലവാര പരിശോധനാ റിപോര്‍ട്ട് ലഭിക്കാത്തത് കൊണ്ടാണ് ടാങ്കര്‍ ലോറികളിലും മറ്റുമുള്ള ശുദ്ധജല വിതരണം  നീണ്ടു പോയതെന്നും  നഗരസഭയുടെ അനാസ്ഥ കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി നഗര പ്രദേശങ്ങളിലും പരിസരങ്ങളിലും മാത്രമാണ് ഇപ്പോള്‍ ജലവിതരണം നടക്കുന്നത്. മററ് പ്രദേശങ്ങളിലെ ജലവിതരണം ഭാഗികമാണ്.15 ലക്ഷം രൂപയാണ് നഗരസഭ കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ മാത്രം വിതരണം ചെയ്യുന്നതിനായി മാറ്റിവച്ചിട്ടുള്ളത്.  ആ തുക ഇതുവരേയും ഉപയോഗിക്കാനായില്ലെന്നത് ഏററവും വലിയ വിരോധാഭാസവും. അതേസമയം എസ്ഡിപിഐ, മുസ്‌ലിം യൂത്ത്‌ലീഗ്, ഡിവൈഎഫ്‌ഐ അടക്കമുള്ള രാഷ്ട്രീയ- സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ കുടിവെള്ള വിതരണം  ജലദൗര്‍ലഭ്യം നേരിടുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.
Next Story

RELATED STORIES

Share it