palakkad local

പട്ടാമ്പി താലൂക്കില്‍ ആയുര്‍വേദ ആശുപത്രി വേണമെന്ന ആവശ്യം ശക്തം

പട്ടാമ്പി: താലൂക്ക് നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഗ്രാമപ്പഞ്ചായത്ത് നഗരസഭയാക്കി മാറ്റിയിട്ടും പട്ടാമ്പിയില്‍ സര്‍ക്കാര്‍ തലത്തില്‍ ആയുര്‍വേദ ആശുപത്രിയില്ലാത്തത് നിരവധി സാധാരണക്കാരായവരെ വലയ്ക്കുന്നു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അലോപ്പതി മേഖലയില്‍ അരഡസന്‍ സ്വകാര്യ ആശുപത്രികളും ഇരട്ടിയോളം വ്യാജ ചികില്‍സാ കേന്ദ്രങ്ങളും നിലവിലുള്ള സ്ഥിതിയുള്ളപ്പോള്‍ ആയുര്‍വേദ ചികില്‍സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.
ഗുണനിലവാരമവകാശപ്പെടുന്ന പെരിങ്ങോട്, തൃത്താല, പട്ടാമ്പി മേഖലയിലെ സ്ഥാപനങ്ങള്‍ വന്‍തുക പ്രതിഫലമായി ആവശ്യപ്പെടുന്നുമുണ്ട്.
അതേസമയം വ്യാജ ചികില്‍സാ കേന്ദ്രങ്ങളില്‍ അശാസ്ത്രീയമായ രീതിയിലുള്ള പ്രാകൃത ചികില്‍സാ മുറകളാണെന്നും ശ്രുതിയുയരുന്നു.
കപ്പൂര്‍ പഞ്ചായത്തിലെ കീരിത്തോട്, മുള്ളന്‍കുന്ന്, കാപ്പിരിക്കുന്ന്, എറവക്കാട്, കൊള്ളനൂര്‍, അമേറ്റിക്കര, നീലിയാട്, ആനക്കര പഞ്ചായത്തിലെ ഹൈസ്‌കൂള്‍ കുന്ന്, ഉമ്മത്തൂര്‍ മേലേഴിയം, പരുതൂര്‍ പഞ്ചായത്തിലെ കൂട്ടക്കടവ്, മുറിനായ്ക്കല്‍, കാരമ്പത്തൂര്‍, നാടപറമ്പ്, തിരുവേഗപ്പുറയിലെ ചെക്‌പോസ്റ്റ്, ചെമ്പ്ര എന്നിവിടങ്ങളിലുള്ളവര്‍ക്ക് 40, 45 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഒറ്റപ്പാലം താലൂക്കിലെ ചളവറയിലെ സര്‍ക്കാര്‍ ആയുര്‍വേദ കേന്ദ്രത്തിലെത്താന്‍.
മൂന്നും നാലും ബസുകള്‍ കയറിയിറങ്ങിയുള്ള ദുരിത യാത്ര തിരിച്ചുപോക്കിനും വന്‍തുകയാണ് ചെലവെന്നിരിക്കേ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ഏകവഴി.
സര്‍ക്കാര്‍ തലത്തില്‍ പട്ടാമ്പി ആയുര്‍വേദ ചികില്‍സാ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.
Next Story

RELATED STORIES

Share it