പട്ടാമ്പി: കമ്മ്യൂണിസ്റ്റ് ആചാര്യന്റെ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി എല്‍ഡിഎഫ്

എം വി വീരാവുണ്ണി

പട്ടാമ്പി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആചാര്യന്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് 17 വര്‍ഷം തുടര്‍ച്ചയായി കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് പട്ടാമ്പി. എന്നാല്‍ കാലം മാറിയതോടെ പട്ടാമ്പിയുടെ കാറ്റ് കോണ്‍ഗ്രസ്സിനനുകൂലമായി വീശാന്‍ തുടങ്ങി. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പുതുതലമുറയുടെ പ്രതിനിധി മുഹമ്മദ് മുഹ്‌സിനിലൂടെ ഇക്കുറി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് ഇടതുപക്ഷം കണക്കു കൂട്ടുന്നത്. എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ പ്രതിനിധിയായി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫും മല്‍സരിക്കാനെത്തുന്നു. സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ്സിലെ സി പി മുഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
പട്ടാമ്പി നഗരസഭയും മുതുതല, ഒാങ്ങല്ലൂര്‍, വല്ലപ്പുഴ, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളും അടങ്ങുന്നതാണു മണ്ഡലം. ഇതില്‍ പട്ടാമ്പി നഗര സഭയും വല്ലപ്പുഴ, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളും യുഡിഎഫ് ഭരണത്തിലാണ്. മുതുതല, വിളയൂര്‍, കൊപ്പം, ഓങ്ങല്ലൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണു ഭരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12,475 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി പി മുഹമ്മദ് ജേതാവായത്. മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ അക്കമിച്ചു നിരത്തിയാണ് സി പി മുഹമ്മദ് വോട്ടഭ്യര്‍ഥിക്കുന്നത്. ജെഎന്‍യുവിലെ സമര തീച്ചൂളയില്‍ നിന്നുമാണ് മുഹമ്മദ് മുഹ്‌സിന്റെ പട്ടാമ്പിയിലേക്കുള്ള വരവ്. ജെഎന്‍യു സമരനായകന്‍ കനയ്യകുമാറിന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ മുഹ്‌സിന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മണ്ഡലത്തില്‍ ചിരപരിചിതനായിക്കഴിഞ്ഞു. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥിനിര്‍ണയം നീണ്ടപ്പോള്‍ മണ്ഡലത്തില്‍ ആദ്യം പ്രചാരണത്തിനിറങ്ങിയത് എസ്ഡിപിഐ സ്ഥാനാര്‍ഥി റഊഫായിരുന്നു. ഇരു മുന്നണിയുടെയും കപടരാഷ്ട്രീയം കണ്ടു മടുത്ത ജനങ്ങളില്‍ നിന്നു പ്രചാരണത്തിനിറങ്ങിയ സ്ഥലങ്ങളിലെല്ലാം മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു റവൂഫ് ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ടി പി മനോജും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൊയ്തീന്‍ കുട്ടിയും മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമാണ്.

[related]
Next Story

RELATED STORIES

Share it