palakkad local

പട്ടാമ്പിയിലെ മാലിന്യക്കൂമ്പാരം: ആശങ്കയോടെ ജനങ്ങള്‍

പട്ടാമ്പി: മഴക്കാലത്തിനുമുമ്പ് പട്ടാമ്പിനഗരത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ നടപടിയായില്ല. പലേടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യം മഴക്കാലമായാല്‍ ചീഞ്ഞളിഞ്ഞ് സ്ഥിതി കൂടുതല്‍ ഗുരുതരമാവും. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. മഴപെയ്താല്‍ മാലിന്യം അഴുക്കുചാല്‍ വഴി തൊട്ടടുത്ത ഭാരതപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഓടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലം നീക്കി ശുചീകരിക്കാനും നടപടിവേണം. നഗരത്തില്‍ പലേടത്തും മാലിന്യം കുന്നുകൂടിക്കിടപ്പുണ്ട്.
ദിവസങ്ങളായി ഒറ്റപ്പെട്ട് പെയ്യുന്ന വേനല്‍മഴയില്‍ മാലിന്യം ചീഞ്ഞളിയാനും തുടങ്ങിയിട്ടുണ്ട്. മാലിന്യം നീക്കംചെയ്യുക, അഴുക്കുചാലുകള്‍ വൃത്തിയാക്കുക, ഭാരതപ്പുഴയുടെ തീരങ്ങള്‍ മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവൃത്തികള്‍ മഴയ്ക്കുമുമ്പ് നടത്തേണ്ടതുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ്, റെയില്‍വേസ്‌റ്റേഷന്‍ വളപ്പ്, നിളാതീരം എന്നിവ മാലിന്യംതള്ളല്‍ കേന്ദ്രമാണ്. നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ് ഇപ്പോള്‍ മാലിന്യംതള്ളുന്ന പ്രധാന കേന്ദ്രമാണ്.
തൊട്ടടുത്ത റെയില്‍വേസ്‌റ്റേഷന്‍ വളപ്പും മലിനമയമാണ്. ഇപ്പോള്‍ പാര്‍ക്കിങ് കേന്ദ്രമായി ഉപയോഗിക്കുന്ന ഇവിടെ നൂറുകണക്കിന് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നുണ്ട്. ഇവര്‍ക്കും മാലിന്യം ശല്യമാകുന്നുണ്ട്. കവറുകളിലാക്കി മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണ്.
പട്ടാമ്പിമേഖലയില്‍ ഡെങ്കിപ്പനിയടക്കം മുന്‍വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. പട്ടാമ്പി മിനിസിവില്‍സ്‌റ്റേഷനിലെ അഴുക്കുചാലുകളടക്കം നഗരത്തില്‍ പലേടത്തും ഓടകള്‍ തുറന്നാണ് കിടക്കുന്നത്. സിവില്‍സ്‌റ്റേഷന്‍ വളപ്പിലെ മണല്‍കടത്ത് വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും പതിവുകാഴ്ചയാണ്.
കൊതുകുകളുടെ ഉറവിടകേന്ദ്രമായും കടത്തുവാഹനങ്ങള്‍ മാറുന്നുണ്ട്. ജാഗ്രതോത്സവം ഉടന്‍ നടത്തുമെന്നാണു പട്ടാമ്പി നഗരസഭ ആരോഗ്യവിഭാഗം പറയുന്നത്. മഴക്കാലപൂര്‍വ ശുചീകരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
ആരോഗ്യജാഗ്രത ലക്ഷ്യമിട്ടുള്ള ജാഗ്രതോല്‍സവം നഗരസഭയില്‍ ഉടന്‍ നടക്കും. വാര്‍ഡുതല ശുചീകരണത്തിനായി ഹരിതസേനാംഗങ്ങള്‍ക്കുള്ള പരിശീലനം അടുത്തദിവസംതന്നെ തുടങ്ങും. വിവിധയിനം മാലിന്യം ശേഖരിക്കാനും കയറ്റിയയയ്ക്കാനും ശുചിത്വമിഷന്റെ നിര്‍ദേശമുണ്ട്. പരിശീലനം പൂര്‍ത്തിയായാല്‍ ഇതിന്റെ നടപടികള്‍ തുടങ്ങും. അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it