palakkad local

പട്ടാമ്പിയിലും തൃത്താലയിലും മുന്നണികള്‍ക്ക് വിമത ഭീഷണി

സ്വന്തംപ്രതിനിധി

പട്ടാമ്പി: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി നഗരസഭയിലും താലൂക്കിലെ 15 പഞ്ചായത്തുകളിലും ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന തൃത്താലയിലും മൂന്നുമുന്നണികള്‍ക്കും ഭീഷണിയായി വിമത നീക്കം ശക്തം. സ്ഥാനമോഹികളായ പലര്‍ക്കും ഗ്രാമപ്പഞ്ചായത്തുകളിലേക്കും ബ്ലോക്കിലേക്കും സീറ്റ് കിട്ടാതിരുന്നപ്പോള്‍ ജില്ലാ പഞ്ചായത്തിലേക്ക് ശുപാര്‍ശ ചെയ്ത പലരും പിന്‍മാറിയത് യു ഡിഎഫിന് ഭീഷണിയായിട്ടുണ്ട്. അതേസമയം ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന തൃത്താലയില്‍ ഇത്തവണയും വിമതരുടെ നീക്കം വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.

തൃത്താലയിലെ സിപിഎം ഔദ്യോഗികപക്ഷം നേതാക്കളുടെ സ്ഥാനമോഹവും അടിച്ചേല്‍പ്പിക്കുന്ന സമീപനങ്ങളിലും പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ ശക്തരായതാണ് കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി മമ്മിക്കുട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമാക്കിയത്. ഈ വിമത വിഭാഗത്തെ പലരേയും ഔദ്യോഗിക പക്ഷം ചാക്കിട്ട് പിടിച്ചെങ്കിലും ഭൂരിഭാഗവും വിമതരായി ഇപ്പോഴും നിലക്കൊള്ളുന്നത് ഇടതുപക്ഷത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുകയാണ്.അതേസമയം യുഡിഎഫില്‍ തൃത്താല ബ്ലോക്കില്‍ മുന്‍ പ്രസിഡന്റ് എഎം അബ്ദുല്ലക്കുട്ടിക്കുട്ടിയ്ക്കും പട്ടിത്തറ പഞ്ചായത്തിലെ ട്രേഡ് യൂനിയന്‍ നേതാവ് അബ്ദുള്ളകുട്ടിക്കും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദിനും സീറ്റ് നിഷേധിച്ചതില്‍ തൃത്താല നിയോജക മണ്ഡലം കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തായി. വാര്‍ഡുകള്‍ റിസര്‍വേഷന്‍ ചെയ്തതിനാല്‍ സീറ്റ് ലഭിക്കാത്തവരും പ്രതിഷേധവുമായി സജീവമാണ്. പട്ടാമ്പി നഗരസഭയില്‍ സിപിഐയ്ക്ക് ഒരു സീറ്റ് മാത്രം നല്‍കിയ സിപിഎം വല്ല്യേട്ടന്‍ മനോഭാവത്തില്‍ അവര്‍ക്കും പ്രതിഷേധമുണ്ടെന്നാണറിയുന്നത്.

കപ്പൂര്‍ പഞ്ചായത്തില്‍ പലതവണ മെംബറും ഒരിക്കല്‍ പ്രസിഡന്റുമായ വ്യക്തി വീണ്ടും മല്‍സരിക്കുന്നത് അധികാരക്കൊതികൊണ്ടാണെന്ന് വിലയിരുത്തുന്നവരുമുണ്ടെന്നാണറിയുന്നത്.  ജനകീയ വിഷയങ്ങളില്‍ മൂന്ന് മുന്നണികളും കാണിക്കുന്ന അനീതികളും അഴിമതികളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടി പട്ടാമ്പി നഗരസഭയില്‍ മൂന്ന് പേരടക്കം നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ പ്രഗല്‍ഭരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ശക്തമായ പ്രചരണമാണ് നടത്തുന്നത്. നഗരസഭയിലെ ആറാം വാര്‍ഡില്‍ എസ്ഡിപിഐ സ്വതന്ത്രനായി അബ്ദുള്‍ബാരിയും 12ാം വാര്‍ഡില്‍ മുജീബ് റഹ്മാനും 24 ല്‍ കെ അഷ്‌റഫുമാണ് മല്‍സരരംഗത്തുള്ളത്. എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലൊന്നായ ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ 9 വാര്‍ഡുകളില്‍ മൂന്ന് മുന്നണികള്‍ക്കും ഭീഷണിയായി ശക്തമായ മല്‍സരമാണ് എസ്ഡിപിഐ നടത്തുന്നത്. മറ്റ് കക്ഷികളില്‍പെട്ട ഡമ്മി സ്ഥാനാര്‍ഥികളും സ്വതന്ത്രരും നാമനിര്‍ദേശപത്രിക ശനിയാഴ്ച പിന്‍വലിക്കുന്നതോടെ പ്രചരണം കൂടുതല്‍ ശക്തമാകും.
Next Story

RELATED STORIES

Share it