പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച: പിടിയിലായ ഉത്തരേന്ത്യന്‍ സംഘത്തെ പാലക്കാട്ടെത്തിച്ചു; കവര്‍ച്ച ചെയ്ത 55 പവന്‍ സ്വര്‍ണവും കണ്ടെടുത്തു

പാലക്കാട്: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ 55 പവന്‍ കവര്‍ന്ന കേസിലെ പ്രതികളെ പാലക്കാട്ടെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചംഗ ഉത്തരേന്ത്യന്‍ സംഘത്തെ മഹാരാഷ്ട്രയിലെ ഗാവ്‌റയില്‍ നിന്നാണ് ടൗണ്‍ നോര്‍ത്ത് പോലിസ് പിടികൂടിയത്. ഗവ്‌റായി, ഡജ്ജയ് നഗര്‍ സ്വദേശികളായ സുലോചന (70), വൈശാലി ഷിന്‍ഡേ (30), രാഹുല്‍ ഷേരു ബോസ്ലെ (21), ഉമേഷ് ദീപക്, ക്രാന്തി അശേക് ഖാലെ എന്നിവരാണ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം ഗാവ്‌റയില്‍ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. ജ്വല്ലറിയില്‍നിന്ന് കവര്‍ന്ന 55 പവനും കണ്ടെടുക്കാന്‍ കഴിഞ്ഞതായി ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ മാസം 20ന് രാവിലെ പത്തരയോടെ ജിബി റോഡിലെ തുളസി ജ്വല്ലറിയിലായിരുന്നു നഗരത്തെ നടുക്കിയ വന്‍ കവര്‍ച്ച നടന്നത്. ലോക്കറ്റ് വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മോഷണസംഘം അതിവിദഗ്ധമായാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിനുശേഷം നിമിഷങ്ങള്‍ക്കകംതന്നെ സംഘം ജില്ല വിട്ടുപോവുകയും ചെയ്തു.
നഗരത്തിലെ ടെക്‌സൈറ്റല്‍ ഷോപ്പില്‍ കയറി വസ്ത്രം വാങ്ങിയ സംഘം സെയില്‍സ്മാന്റെ ഫോണില്‍ നിന്ന് മറ്റൊരാളെ വിളിച്ചതാണ് കേസന്വേഷണത്തിന് നിര്‍ണായക തെളിവായത്. ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജില്ലയിലെത്തി മടങ്ങിയെന്ന് വിവരം ലഭിച്ചിരുന്നു. വാഹന രജിസ്‌ട്രേഷന്റെ വിലാസവും തുണിക്കടയില്‍ നിന്ന് സംഘം ഫോണ്‍ചെയ്ത ആളുടെ വിലാസവും ഒന്നുതന്നെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. മഹാരാഷ്ട്ര പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. വാഹനമോടിച്ച ഡ്രൈവര്‍ രാഹുല്‍ ബോസ്ലെയുടെ ഭാര്യ ഹീനയാണ് ആഭരണമടങ്ങിയ ബോക്‌സ് മോഷ്ടിച്ചത്. ഇവരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഒളിവില്‍ കഴിയുന്ന ഹീനയ്ക്കുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it