kozhikode local

പട്ടാപ്പകല്‍ കവര്‍ച്ച; മോഷ്ടാക്കളുമായി തെളിവെടുപ്പ് നടത്തി

താമരശ്ശേരി: കോടഞ്ചേരിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളെ കോടഞ്ചേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴയില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി രാജേഷ് എന്ന കൊപ്ര രാജേഷ്, താമരശ്ശേരി സ്വദേശി അലി എന്ന നീഗ്രോ അലി എന്നിവരെയാണ് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പകല്‍ സമയത്ത് മോഷണം നടത്തുന്ന കൊപ്ര രാജേഷ് നാല്‍പതോളം മോഷണ കേസുകളില്‍ പ്രതിയാണ്.
ഈ മാസം പതിമൂന്നിനാണ് കോടഞ്ചേരി പുലുക്കയം കേളംകുന്നേല്‍ ബേബിയുടെ വീട്ടില്‍ മോഷണം നടന്നത്. 12 പവന്‍ സ്വര്‍ണാഭരങ്ങളും പതിമൂവായിരം രൂപയുമാണ് അപഹരിക്കപ്പെട്ടത്. രാവിലെ ആറ് മണിയോടെ ബേബിയും കുടുംബവും പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയിരുന്നു. എട്ടുമണിയോടെ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കോടഞ്ചേരി പോലിസ് സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും നാടിനെ ഞെട്ടിച്ച കവര്‍ച്ചയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പര്‍ സംബന്ധിച്ച അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. കഞ്ചാവുമായി ആലപ്പുഴ പുന്നപ്ര പോലിസിന്റെ പിടിയിലായ പ്രതികളുടെ കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ കോടഞ്ചേരിയില്‍ മോഷണം നടത്തിയ സംഘമാണെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ പഴവിളാകത്തില്‍ രാജേഷ് എന്ന കൊപ്ര രാജേഷ്, താമരശ്ശേരി പെരുമ്പള്ളി കപ്പിക്കുന്നുമ്മല്‍ അലി എന്ന നീഗ്രോ അലി എന്നിവരാണ് പിടിയിലായത്. റിമാന്റിലായ പ്രതികളെ കോടഞ്ചേരി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനായി എത്തിച്ചത്.
പകല്‍ സമയത്ത് മാത്രം മോഷണം നടത്തലാണ് ഇവരുടെ രീതിയെന്നും നാല്‍പ്പതോളം കവര്‍ച്ചാ കേസിലെ പ്രതിയാണ് രാജേഷെന്നും കോടഞ്ചേരി എസ്‌ഐ കെ ടി ശ്രീണിവാസന്‍ പറഞ്ഞു.കവര്‍ച്ചാ മുതലുകള്‍ ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതി.
കോടഞ്ചേരിയില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ കോഴിക്കോട്ടെ കടയില്‍ വില്‍പ്പന നടത്തിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇവരെയുമായി ചൊവ്വാഴ്ച കോഴിക്കോട്ട് തെളിവെടുപ്പിന് പോവുമെന്നും എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it