palakkad local

പട്ടയവും ആധാരവും ഇല്ല: തിരുവേഗപ്പുറയില്‍ 13 ദലിത് കുടുംബങ്ങള്‍ ദുരിതത്തില്‍

എം വി വീരാവുണ്ണി

പട്ടാമ്പി: താമസിക്കുന്ന സ്ഥലത്തിന് രേഖകളില്ലാത്തിനാല്‍ 13 പട്ടികജാതി കുടുംബങ്ങള്‍ ദുരിതത്തില്‍. തിരുവേഗപ്പുറ പഞ്ചായത്ത് ആറാം വാര്‍ഡിലാണ് ഈ കുടുംബങ്ങള്‍ ദുരിതങ്ങളോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. കഴിഞ്ഞ 80 വര്‍ഷത്തിലധികമായി മൂന്ന് തലമുറകള്‍ക്ക് മുമ്പാണ് തലശ്ശേരി പറമ്പില്‍ കുടുംബത്തിലെ കാരണവരും അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും അടങ്ങിയ 50 ലധികം ആളുകള്‍ വസിക്കുന്നത്.
തലശ്ശേരി പറമ്പില്‍ അയ്യപ്പന്‍, പരേതനായ വേണുഗോപാലന്റെ ഭാര്യ ശാരദ, മോഹന്‍ദാസ്, താമി, ശ്രീജ, അച്യുതന്‍, ജാനകി, സുകുമാരന്‍, ബാലന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ ചിന്നന്റെ ഭാര്യ നാരായണി, അനീഷ് എന്നിവരുടെ കുടുംബാഗങ്ങളാണ് ഇപ്പോഴിവിടുള്ളത്. നാലുപേരുടെ കുടുംബങ്ങള്‍ ഇവിടെ നിന്ന് മാറി താമസിക്കുന്നതായും പറയുന്നു.
ഭൂമിയുടെ ഏതെങ്കിലും തരത്തിലുള്ള ആധാരമോ മറ്റു രേഖകളോ ഇന്നും ഇവര്‍ക്കില്ല. പട്ടയത്തിനപേക്ഷിക്കാന്‍ സര്‍വേ നമ്പര്‍ പോലും ആര്‍ക്കും അറിയില്ല. ആധാരവും പട്ടയവും ഇല്ലാത്തതുകൊണ്ട് വില്ലേജോഫിസില്‍ നിന്ന് കൈവശവാകാശ സര്‍ട്ടിഫിക്കറ്റും ലഭിക്കില്ല. സര്‍ക്കാരില്‍ നിന്ന് ഓരോ സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതിക്കാരുടെ ഭവന നിര്‍മാണത്തിന് വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ തിരുവേഗപ്പുറയിലെ ഈ പട്ടികജാതി കുടുംബങ്ങള്‍ക്കുമാത്രം അവ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
റേഷന്‍ കാര്‍ഡില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത് മാത്രമാണ് ഇക്കാലങ്ങളില്‍ ഇവര്‍ക്ക് ലഭിച്ച നേട്ടം. പഞ്ചായത്ത് ഇതുവരെ ഭരിച്ചവരൊക്കെ വിഷയം അവഗണിക്കുകയായിരുന്നു.
ഈ പട്ടികജാതി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മിക്കാനുള്ള പട്ടയം കൊടുക്കാനും സഹായധനം അനുവദിക്കാനും ദയ കാണിക്കണമെന്നാണ് തലശ്ശേരി പറമ്പ് നിവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it