Idukki local

പട്ടയമേള: യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും വിട്ടുനില്‍ക്കും

തൊടുപുഴ: ഇന്ന് കുമളി, ഇരട്ടയാര്‍, അടിമാലി കേന്ദ്രങ്ങളല്‍ നടത്തുന്ന പട്ടയ മേളകളില്‍ നിന്ന് യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും വിട്ടുനില്‍ക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കറ്റ് എസ് അശോകനും കണ്‍വീനര്‍ ടി എം സലീമും അറിയിച്ചു.
ജില്ലയിലെ പട്ടയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ജനങ്ങളെ വഞ്ചിക്കുകയാണ്. ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കട്ടപ്പനയിലെ പട്ടയമേളയില്‍ വിതരണം ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ക്ക് സമാനമായ പട്ടയങ്ങളാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത പട്ടയങ്ങളിലുണ്ടായിരുന്ന ഉപാധികളില്‍ ഒന്നുപോലും ഒഴിവാക്കുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പത്തു ചെയിന്‍ മേഖലയിലെ മൂന്ന് ചെയിന്‍ ഒഴിവാക്കി പട്ടയം നല്‍കുന്നത് അന്യായമാണ്. പട്ടയ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പട്ടയമേളകള്‍ തടസ്സപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്ത ഇടതുമുന്നണി ഭരണം കിട്ടിയപ്പോള്‍ ജനങ്ങളെ ആകെ മറന്നിരിക്കുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സമയബന്ധിതമായി പട്ടയം നല്‍കാത്തപക്ഷം യുഡിഎഫ് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it