Idukki local

പട്ടയത്തിന് കാത്തിരിക്കുന്നത് നൂറുകണക്കിന് പേര്‍



മുഹമ്മദ് അന്‍സാരി

പീരുമേട്: ഭൂമി പതിവ് കമ്മിറ്റി സ്ഥിരം കൂടുന്നുണ്ടെങ്കിലും പീരുമേട് താലൂക്കിലെ  പട്ടയം വിതരണം  വൈകുന്നു. പട്ടയ വിതരണത്തിനായി കാത്തിരിക്കുന്നത് നിരവധി അപേക്ഷകര്‍.  പട്ടയത്തിനായി എല്ലാ നടപടികളും പൂര്‍ത്തിയായതിന് ഒരു വര്‍ഷത്തിനു ശേഷവും ആവശ്യമായ ഫീസ് അടച്ച് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. കഴിഞ്ഞ  മെയ് 21ന് കട്ടപ്പനയില്‍ നടന്ന പട്ടയ മേളയില്‍ പീരുമേട്ടില്‍ നിന്നും 1039 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും പത്തി ല്‍ താഴെ ആളുകള്‍ മാത്രമാണ് പട്ടയം കൈ പറ്റിയത് .തുടര്‍ അന്വേഷണത്തില്‍ പീരുമേട്ടില്‍ അടുത്ത മാസം പ്രത്യേകം പട്ടയ വിതരണം നടത്തും എന്നതായിരുന്നു പട്ടയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഉേദ്യാഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പട്ടയ വിതരണം എന്നു നടക്കും എന്നതിന് കൃത്യമായ മറുപടി നല്‍കാന്‍ ഇന്നും റവന്യൂ വകുപ്പിനാകുന്നില്ല. പട്ടയ മേള വൈകുന്നതിനു പിന്നില്‍ തികച്ചും രാഷ്ട്രിയ പ്രേരിതമായ ലക്ഷ്യങ്ങളാണെന്നും  വിവാദങ്ങള്‍ നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. അപേക്ഷ നല്‍കിയവരുടെ സര്‍വേയും തഹസില്‍ദാരുടെ പരിശോധനയും കഴിഞ്ഞതാണെന്നും പട്ടയ ലഭ്യമാക്കുന്നതിനുള്ള നിശ്ചിത തുക അടച്ചവര്‍ക്ക് ഡിസംമ്പര്‍ മാസം പട്ടയം ലഭ്യമാക്കുമെന്നുമാണ് ഭൂമിപതിവ് കാര്യാലയത്തില്‍ നിന്നും ലഭിക്കുന്ന മറുപടി. എന്നാല്‍  വിനോദസഞ്ചാര മേഖലകളില്‍ നിന്നുള്ള പട്ടയ അപേക്ഷകളില്‍ പ്രത്യേകപരിശോധന നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായ ഉപസമിതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കിയിരുന്നു. താലൂക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, സത്രം, പരുന്തുംപാറ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് ഉപസമിതി പരിശോധിക്കുന്നത്. താലൂക്കിന് പുറത്തു നിന്നുള്ള അപേക്ഷര്‍ ഏറെയുള്ളതാണ് ഇതിനു കാരണമായത്.പ്രദേശവാസികളാകട്ടെ ചെറിയ അളവ് സ്ഥലത്തിന് മാത്രമാണ് പട്ടയമാവശ്യപ്പെട്ടിരിക്കുന്നത്. പീരുമേട്ടിലെ പട്ടയ നടപടികള്‍ ഒട്ടേറെ വിവാദങ്ങളിലേയ്ക്കും വഴി തെളിച്ചിരുന്നു. പട്ടയ നടപടികള്‍ വ്യാജ സര്‍വേയര്‍മാര്‍ സ്ഥലം അളന്നതും അധികമായ ഫീസ്  ഈടാക്കിയതും  ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി രൂപികരിക്കാന്‍ വൈകിയതും   പട്ടയ മേള നീണ്ടു പോകുന്നതിന്റെ കാരണമായിരുന്നു. പട്ടയത്തിന് അപേക്ഷ  നല്കുമ്പോള്‍ ഭൂമി പതിവ് ഓഫീസില്‍ നിന്നും ഓരോ പ്രദേശത്തിനും നിശ്ചയിക്കപ്പെട്ടുള്ള സര്‍വ്വേയര്‍മാര്‍ സ്ഥലമളന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലമളവുകള്‍ നേരിട്ട് സന്ദര്‍ശിച്ച് തിട്ടപ്പെടുത്തും. തുടര്‍ന്നുള്ള നടപടികള്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നടപ്പിലാക്കുന്നത്. വര്‍ഷങ്ങളായി താമസിച്ചും കൃഷി ചെയ്തും വന്നിരുന്ന സ്ഥലത്ത് പട്ടയ നടപടികള്‍ എല്ലാം പൂര്‍ത്തിയായത്തിനു ശേഷം ഫീസ് അടച്ചിട്ടും പട്ടയം കൈയില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് സാധാരണക്കാര്‍.
Next Story

RELATED STORIES

Share it