Flash News

പട്ടയത്തിന്റെ പേരില്‍ കര്‍ഷകരെ വഞ്ചിച്ച അടൂര്‍ പ്രകാശ് രാജിവയ്ക്കണം: സിപിഐ (എം)

പട്ടയത്തിന്റെ പേരില്‍ കര്‍ഷകരെ വഞ്ചിച്ച   അടൂര്‍ പ്രകാശ് രാജിവയ്ക്കണം: സിപിഐ (എം)
X


പത്തനംതിട്ട: തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വ്യാജ പട്ടയം നല്‍കി വഞ്ചിച്ച അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാ്യജ പട്ടയം ഉണ്ടാക്കാന്‍ എംഎല്‍എയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണം. കര്‍ഷകരും സാധാരണക്കാരുമായ മലയോര കര്‍ഷകരുടെ പട്ടയമെന്ന എക്കാലത്തെയും വലിയ സ്വപ്‌നം അട്ടിമറിച്ച്  അടൂര്‍ പ്രകാശ് അവരെ വഞ്ചിച്ചിരിക്കുകയാണ്. ഇതിനെതിരെ കോന്നിയില്‍ സിപിഐ (എം) ശക്തമായ സമരം നടത്തും. 11, 12 തിയതികളില്‍ കോന്നി മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍  പ്രചാരണജാഥ നടത്തും.
അരുവാപ്പുലം, കലഞ്ഞൂര്‍, സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം വില്ലേജുകളിലെ 1,843 പേര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ പട്ടയങ്ങള്‍ വനഭൂമിയിലാണെന്ന് കണ്ടാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. ഈ ഭൂമി വനഭൂമിയാണന്നും പട്ടയം നല്‍കാന്‍ കഴിയില്ലെന്നുമുള്ള വനംവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4,835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയയത്. യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു വര്‍ഷം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് അതില്‍ നാലു വര്‍ഷവും റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയിലുള്ളവരെ സഹായിക്കണമെന്ന് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ അതിനുള്ള തടസ്സങ്ങളൊക്കെ പരിഹരിച്ച് അര്‍ഹരായവരുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍, അതിനൊന്നും ശ്രമിക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ കുറച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിച്ച് സ്‌പെഷ്യല്‍ ഓഫീസ് തുറന്ന് പട്ടയ വിതരണം നടത്താന്‍ ശ്രമിക്കുകയായിരുന്നു.
പട്ടയം നല്‍കണമെന്ന് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ ഇതിനുള്ള പ്രതിബന്ധങ്ങള്‍ നീക്കാന്‍ അദ്ദേഹം തയ്യാറാകണമായിരുന്നു. ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി സ്ഥലം ഏതു തരത്തിലുള്ളതെന്ന് നിര്‍ണയിക്കണമായിരുന്നു. വനഭൂമിയാണെന്ന് കണ്ടിരുന്നെങ്കില്‍ അത് ഒഴിവാക്കി കിട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി സാധിച്ചെടുക്കാമായിരുന്നു. എന്നാല്‍, ഇതൊന്നം ചെയ്യാതെ പാവപ്പെട്ട കര്‍ഷകരെ പറഞ്ഞുപറ്റിക്കുകയാണ് ഈ ജനപ്രതിനിധി ചെയ്തത്.
സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചുനല്‍കാന്‍ കഴിയിെല്ലന്നും 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ ബി ജോസഫ്, കോന്നി തഹസീല്‍ദാര്‍ക്ക് മറുപടിയും നല്‍കി. എന്നാല്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ 2016 ജനുവരി 26ന് കലക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം അടൂര്‍ പ്രകാശ് വിളിച്ചിരുന്നു. തുടര്‍ന്ന് കോന്നിയില്‍ ഭൂമി പതിവ് തഹസീല്‍ദാരുടെ ഓഫീസും തുറന്നു. ഈ ഓഫീസിലേക്ക് കോണ്‍ഗ്രസുകാരായ ഉദ്യോഗസ്ഥരെ പല ജില്ലകളില്‍നിന്ന് സ്ഥലംമാറ്റി എത്തിച്ചു. ഈ ഓഫീസ് 4,126 കൈവശക്കാര്‍ക്കായി 4,865 ഏക്കര്‍ ഭൂമി പട്ടയം നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ 1,843 പേര്‍ക്ക് പട്ടയം അനുവദിച്ചു. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് അടൂര്‍ പ്രകാശ് തന്നെ 40 പട്ടയങ്ങള്‍ വിതരണം ചെയ്തു. മേളയുടെ പേരില്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിച്ചത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍ വേണ്ടി മാത്രമായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പട്ടയത്തിന് അര്‍ഹരായ എല്ലാവര്‍ക്കും ഉപാധിരഹിതമായി പട്ടയം നല്‍കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കെ പി ഉദയഭാനു പറഞ്ഞു. സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍, റാന്നി ഏരിയാ സെക്രട്ടറി പി ആര്‍ പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

[related]
Next Story

RELATED STORIES

Share it