Pathanamthitta local

പട്ടയം റദ്ദാക്കിയ നടപടി ജനദ്രോഹം: ഇന്‍ഫാം



പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 1843 പട്ടയങ്ങളിലായി 4835 ഏക്കര്‍ ഭൂമിക്കുള്ള കൈവശരേഖ നിയമവിരുദ്ധമെന്ന് ആരോപിച്ച് റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും ഈ നടപടി സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 1977നു മുമ്പ് കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയംനല്‍കുക എന്നത് സര്‍ക്കാര്‍ അംഗീകരിച്ച പൊതുവ്യവസ്ഥയാണ്.  കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്‍കുന്നു; ഈ സര്‍ക്കാര്‍ പട്ടയം റദ്ദാക്കുന്നു.  ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ചേര്‍ന്ന് ജനങ്ങളെ വിഢികളാക്കുകയാണ്.  1843 പട്ടയങ്ങളും പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരാണ്.  രേഖകളും തെളിവുകളും ഇല്ലാതെയാണ് പട്ടയം നല്‍കിയതെന്ന് ഇപ്പോള്‍ ജില്ലാ ഭരണമേധാവിയും റവന്യൂ അധികൃതരും പറയുമ്പോള്‍ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും ഭരണഅഴിമതിയുമാണ് പുറത്തുവരുന്നത്.  ഇതിന്റെ പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുവാന്‍ അനുവദിക്കില്ല.  2016 ഫെബ്രുവരി 27ന് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പട്ടയം നല്‍കാന്‍ ഉത്തരവിറക്കിയത്.  ഒന്നരവര്‍ഷത്തിനുശേഷം പട്ടയം റദ്ദാക്കാന്‍ പറയുന്ന ന്യായീകരണങ്ങള്‍ ജനങ്ങള്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ല. സംസ്ഥാനത്തുടനീളം റവന്യൂ-വനം വകുപ്പുകള്‍ നടത്തുന്ന കര്‍ഷകവിരുദ്ധ അജണ്ടയുടെ ആവര്‍ത്തനമാണ് പത്തനംതിട്ടയിലും അരങ്ങേറിയിരിക്കുന്നത്.  ജില്ലയിലെ ഇതരവില്ലേജുകളിലും വിവിധ മലയോരജില്ലകളിലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പട്ടയനടപടികള്‍ വനവിസ്തൃതി വ്യാപിപ്പിക്കാനായി അട്ടിമറിക്കാനുള്ള ഗൂഢശ്രമവും ഇതിന്റെ പിന്നിലുള്ളതായി സംശയിക്കപ്പെടുന്നു.   കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകരുള്‍പ്പെടുന്ന പൊതുസമൂഹം വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പതിറ്റാണ്ടുകളായി കൈവശംവച്ച് അനുഭവിക്കുന്ന കൃഷിഭൂമി കൈയ്യേറാനാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയകളുടെ ശ്രമമെങ്കില്‍ അതിനെ ശക്തമായി  നേരിടും.  കോടതി വ്യവഹാരങ്ങളിലേയ്ക്ക് ജനങ്ങളെ വലിച്ചിഴയ്ക്കാതെ  പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it