ernakulam local

പട്ടയം നല്‍കുന്നതില്‍ ജില്ല നേടിയത് അഭിമാനാര്‍ഹമായ നേട്ടം: മന്ത്രി

കൊച്ചി: പട്ടയങ്ങള്‍ നല്‍കുന്നതില്‍ എറണാകുളം ജില്ല അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പട്ടയവിതരണ മേള ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം നാലാമത്തെ പട്ടയമേളയാണിത്. നേര്യമംഗലത്ത് നടന്ന ആദ്യ പട്ടയമേളയില്‍ 105 പട്ടയങ്ങളാണ് നല്‍കിയത്. തുടര്‍ന്ന് തൃക്കാക്കരയില്‍ നടത്തിയ രണ്ട് പട്ടയമേളകളിലായി 800 പട്ടയങ്ങളും വിതരണം ചെയ്തു. കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ജീവനക്കാര്‍ നടത്തിയ ചിട്ടയായ പരിശ്രമമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.കണയന്നൂര്‍ താലൂക്കിലെ മാന്നുള്ളിപ്പാടം നിവാസിയായ ത്രേസ്യ തോമസ് മന്ത്രിയില്‍ നിന്നും ആദ്യപട്ടയം സ്വീകരിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എം സ്വരാജ്, വി പി സജീന്ദ്രന്‍, ആന്റണി ജോണ്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ കെ ഇമ്പശേഖര്‍, മൂവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാജഹാന്‍, എഡിഎം എം കെ കബീര്‍, മുന്‍ എംഎല്‍എ പി രാജു സംസാരിച്ചു. ആകെ 471 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. ഇതില്‍ 146 ഭൂമി പതിവ് പട്ടയങ്ങളും 146 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും 108 ദേവസ്വം പട്ടയങ്ങളും 10 ഇനാം പട്ടയങ്ങളും 66 കൈവശ രേഖകളും ഉള്‍പ്പെടുന്നു. കുന്നത്തുനാട് താലൂക്കില്‍ 20 പട്ടയങ്ങളും 56 കൈവശ രേഖകളും നല്‍കി. കോതമംഗലം 40, കൊച്ചി 25, കണയന്നൂര്‍ 35, പറവൂര്‍  4, ആലുവ 3, മൂവാറ്റുപുഴ 14 എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം. കണയന്നൂര്‍ താലൂക്കില്‍ 35 പട്ടയങ്ങളില്‍ 32 പട്ടയങ്ങള്‍ മാന്നുള്ളിപ്പാടം കോളനി നിവാസികള്‍ക്കാണ് നല്‍കിയത്.
Next Story

RELATED STORIES

Share it