thrissur local

പടിയൂരില്‍ ആര്‍എസ്എസ് ആക്രമണം വ്യാപകം; എഐഎസ്എഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

ഇരിങ്ങാലക്കുട: പടിയൂര്‍ മേഖലയില്‍ ആര്‍എസ്എസ് ആക്രമണം വ്യാപകം. വ്യത്യസ്ഥ ആക്രമണങ്ങളില്‍ എഐഎസ്എഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി - ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമണം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് ആരോപിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ എച്ച്ഡിപി സ്‌കൂള്‍ ഗ്രൗണ്ടില്‍ മാരകായുധങ്ങളുമായി വന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനങ്ങളുമില്ലാതെ എഐഎസ്എഫ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ വാക്കാട്ട് വൈഷ്ണവ് (17), ഷിബിന്‍ കാതിക്കോടത്ത് (16), എസ്എഫ്‌ഐ പ്രവര്‍ത്തകരായ സൂരജ് (14), സുദേവ് (16) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡന്റ് സനല്‍കുമാര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
അതേസമയം, പടിയൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മാതാപിതാക്കളേയും സഹോദരിയേയും മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പായമ്മല്‍ സ്വദേശിയായ പണിക്കശേരി വീട്ടില്‍ പ്രേമരാജന്‍, ഭാര്യ ഷീജ, മകള്‍ രേവതി എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം വീട് കയറി ആക്രമിച്ചത്. പരിക്കേറ്റവരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ബിജെപി പ്രവര്‍ത്തകരും ചികിത്സയിലാണ്. അക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
പടിയൂര്‍ മേഖലയില്‍ നിരന്തരമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന സമാന സ്വഭാവത്തിലുള്ള  ആക്രമണങ്ങള്‍ ജന ജീവിതത്തെ ഭീതി—ലാഴ്ത്തുകയും, സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയുമാണ്. സംഘപരിവാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അപലപനീയമാണ്. അക്രമികള്‍ക്കെതിരെ കര്‍ശ്ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it