kozhikode local

പടിയിറങ്ങുന്നത് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ ബ്രോ



കോഴിക്കോട്:  ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കലക്ടറേറ്റിന്റെ പടിയിറങ്ങുന്നു. കലക്ടര്‍ എന്ന നിലയില്‍ കോഴിക്കോട്ടുകാരുടെ മനസ്സില്‍ ഇടംപിടിച്ച ചുരുക്കും ചിലരില്‍ എന്‍ പ്രശാന്ത് ഐഎഎസിന്റെ പേരും ഇനി ഉണ്ടാവും. ജനപ്രിയ കലക്ടറായും കലക്ടര്‍ ബ്രോ ആയും ലക്ഷത്തിനു മുകളില്‍ ലൈക്കുകള്‍ അക്കൗണ്ടിലെത്തിയ എന്‍ പ്രശാന്ത് ഐഎഎസ് കുന്നംകുളം മാപ്പിന്റെ പേരില്‍ വിവാദങ്ങളിലും പെട്ടിരുന്നു. 2015ല്‍ സി എ ലത കലക്ടര്‍ സ്ഥാനത്തു പടയിറങ്ങിയപ്പോഴാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസ് കോഴിക്കോട്ട് കലക്ടറായി എത്തുന്നത്.  കലക്ടറായി ചാര്‍ജെടുത്ത ശേഷം അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തിയും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണ്. കലക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജില്‍ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ അദ്ദേഹം പദ്ധതികളും ആശയങ്ങളും എല്ലാവരിലും എത്തിച്ചു. കലക്ടറുടെ പല നിലപാടുകളും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഓപറേഷന്‍ സുലൈമാനി, സവാരിഗിരിഗിരി, കംപാഷനേറ്റ് കോഴിക്കോട് തുടങ്ങിയ പദ്ധതികള്‍ക്ക് കിട്ടിയ ജനപിന്തുണ ഇതിന് തെളിവാണ്. കോഴിക്കോടിനൊപ്പം കോഴിക്കോട് കലക്ടറും മറ്റ് ജില്ലകാര്‍ക്കിടയില്‍ ചര്‍ച്ചയായി. പണമില്ലാത്തതിന്റെ പേരില്‍ കോഴിക്കോട്ട് ഒരാള്‍ പോലും പട്ടിണികിടക്കരുതെന്ന ചിന്തയില്‍ നിന്ന് രൂപം കൊണ്ട ഓപറേഷന്‍ സുലൈമാനി ജനം ഏറ്റെടുത്തു കഴിഞ്ഞു. വിശന്നു വലയുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരമാണ് കൂപ്പണ്‍വഴി വിതരണം ചെയ്ത് വരുന്നത്. നഗരത്തിലെ നിരവധി ഹോട്ടലുകള്‍ ഓപറേഷന്‍ സുലൈമാനിയില്‍ പങ്കാളികളാണ്. വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഗമവുമായ ബസ് യാത്രയ്ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ബസ് ഓപറേറ്റര്‍ സംഘടനകളും ചേര്‍ന്ന് നടപ്പാക്കിയ ഓപറേഷന്‍ സവാരിഗിരിഗിരി പദ്ധതിയും കലക്ടര്‍ ബ്രോയുടെ അക്കൗണ്ടിലാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരില്‍ എന്‍ പ്രശാന്തും ഉണ്ടായിരുന്നു. നവമാധ്യമത്തില്‍ സജീവമായതോടെ കലക്ടര്‍ക്ക് ഫേസ്ബുക്കില്‍ ലൈക്കുകളും കൂടി. കലക്ടറെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷത്തിലധികമാണ്. നവമാധ്യമം കലക്ടര്‍ക്ക് ആരാധകരെ സമ്മാനിച്ചതിനു പുറമെ വിവാദങ്ങളിലും ചെന്നുപെട്ടു. എം കെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരേ എം പി തിരിഞ്ഞു. കലക്ടര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കലക്ടര്‍ വിവാദത്തിന് തിരികൊളുത്തി. ഈ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരിവധി പേര്‍ രംഗത്തു വന്നു. അവസാനം കുന്നംകുളം മാപ്പ് പിന്‍വലിച്ച് കലക്ടര്‍ ബ്രോ മാപ്പ് പറയുകയുണ്ടായി. പലപ്പോഴും കലക്ടറെ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന ആക്ഷേപവും രാഷ്ട്രീയക്കാരുടെ ഇടയില്‍ നിന്നുമുണ്ടായിരുന്നു. എന്നിരുന്നാലും കലക്ടറുടെ ജനപിന്തുണയ്ക്ക് കുറവ് വന്നിട്ടില്ലെന്നതും ചൂണ്ടികാണിക്കേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it