Kollam Local

പടിഞ്ഞാറേ കല്ലടയിലെ ബണ്ട് റോഡ് തകര്‍ന്നിട്ട് ഒരുവര്‍ഷം; നന്നാക്കാന്‍ നടപടിയില്ല

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കടപുഴ-നെല്‍പ്പുരകുന്ന് ബണ്ട് റോഡില്‍ നെല്‍പ്പുര കുന്നിന് സമീപം ആറ്റുതീരമിടിഞ്ഞ് റോഡ് തകര്‍ന്നിട്ട് ഒരുവര്‍ഷമായിട്ടും ഇത് നന്നാക്കാന്‍ നടപടിയില്ല. കഴിഞ്ഞ ജൂണില്‍ ശക്തമായ മഴയെ തുടര്‍ന്നാണ് റോഡിന്റെ നൂറ് മീറ്ററോളം ഭാഗം ഇടിഞ്ഞ് താഴ്ന്നത്. തകര്‍ന്ന ഭാഗത്ത് കൂടി വെള്ളം നെല്‍പ്പുര കുന്ന് ഭാഗത്തേക്ക് കയറിയിരുന്നെങ്കില്‍ നൂറ് കണക്കിന് വീടുകള്‍ തകരുകയും വന്‍നാശമുണ്ടാകുകയും ചെയ്‌തേനെ. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രം അപകടം ഒഴിവായി. ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം തകര്‍ന്ന ഭാഗത്ത് നൂറോളം ലോഡ് പാറയിറക്കി അപകടാവസ്ഥ ഒഴിവാക്കി. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് ഇത് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ പാറയിറക്കി തകര്‍ന്ന ഭാഗം ബലപ്പെടുത്തുകയും റോഡ് പുനര്‍ നിര്‍മിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. റോഡ് നിര്‍മിക്കാത്തതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ബസ് സര്‍വീസ്. നെല്‍പ്പുരകുന്ന് ഗവ. എച്ച്എസ്എസിലെ കുട്ടികളും പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫിസിലും എത്തേണ്ടവരുമടക്കം ഇത് മൂലം ബുദ്ധിമുട്ടുകയാണ്. തകര്‍ന്ന് കിടന്ന ഭാഗത്ത് കൂടി ഓട്ടോകളും ബൈക്കുകളും കടന്ന് പോകുമെങ്കിലും ഇത് അപകടത്തിന് കാരണമാകാന്‍ സാധ്യതയുമുണ്ട്. കൂടുതല്‍ പാറയിറക്കി തകര്‍ന്ന ഭാഗം ബലപ്പെടുത്താത്തതിനാല്‍ അടുത്ത മഴയോടെ കൂടുതല്‍ ഭാഗം തകരാനും സാധ്യതയുണ്ട്. അടിയന്തരമായി നടപടികള്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it