Editorial

പടിഞ്ഞാറിനോടുള്ള ദാസ്യം അടിച്ചേല്‍പ്പിക്കരുത്

ഭൂമിയില്‍ മനുഷ്യര്‍ ഒരു സമൂഹമായി രൂപംപ്രാപിച്ച കാലം തൊട്ട് സ്വയം ചില നിയമങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിധേയപ്പെടേണ്ടത് തങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും ഉള്ള ബന്ധങ്ങള്‍ നിര്‍വചിക്കാനും അവര്‍ക്കൊക്കെയും നിര്‍മിതമായ ചില മാനദണ്ഡങ്ങളും മാര്‍ഗരേഖകളും നിശ്ചയിക്കാനും ശ്രമിച്ചതിലൂടെയാണ് മനുഷ്യവംശം ഇതര ജീവജാലങ്ങള്‍ക്കില്ലാത്ത ഒരു സാംസ്‌കാരിക വ്യക്തിത്വം കൈവരിച്ചത്. ധാര്‍മികവും സദാചാരപരവുമായ ചില പരിധികള്‍ക്കകത്ത് മനുഷ്യസ്വാതന്ത്ര്യത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഈ സാംസ്‌കാരികതയാണ് മനുഷ്യനെ നിര്‍ബന്ധിക്കുന്നത്. ആ പരിധികള്‍ അതിലംഘിക്കപ്പെട്ടാല്‍ മനുഷ്യജീവിതം സംഘര്‍ഷഭരിതമാവുകയും തികഞ്ഞ അരാജകത്വം സമൂഹത്തെ അടക്കിഭരിക്കുകയും ചെയ്യും.
വിശ്വാസത്തെയും ജീവിതവ്യവഹാരങ്ങളെയും കുറിച്ച വിശദാംശങ്ങളില്‍ പുലര്‍ത്തുന്ന വ്യതിരിക്തതയാണ് ഓരോ സമൂഹത്തെയും സാംസ്‌കാരികമായി അടയാളപ്പെടുത്തുന്നത്. ഇത്തരത്തില്‍ സ്വയം അടയാളപ്പെടുത്തി നിലനില്‍ക്കാനുള്ള സമൂഹങ്ങളുടെ അവകാശമാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ കാതല്‍. എന്നാല്‍, മതശാസനകളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇത്തരമൊരു ജനാധിപത്യമര്യാദയില്‍ ചര്‍ച്ചചെയ്യാനോ വിശകലനം ചെയ്യാനോ പലപ്പോഴും നമ്മുടെ സമൂഹത്തില്‍ സാധ്യമാവാതെ പോവുകയാണ്. മതശാസനകള്‍ക്കെതിരേ ഉയര്‍ത്തപ്പെടുന്ന ഏതു പൊള്ളയായ വാദവും പുരോഗമനത്തിന്റെ താരശോഭയില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്നു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിക്കപ്പെട്ട ലിംഗനീതിയെക്കുറിച്ച യുവജന കമ്മീഷന്റെ റിപോര്‍ട്ട്. പ്രസ്തുത റിപോര്‍ട്ടിലെ നിര്‍ദേശങ്ങളും നിഗമനങ്ങളും അതു തയ്യാറാക്കിയവരുടെ ചിന്താപരമായ ദാരിദ്ര്യമാണ് നമ്മെ അതിശയിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ സാംസ്‌കാരിക പാരമ്പര്യവും അതിന്റെ മേന്മകളും തിരിച്ചറിയാന്‍ കഴിയാതെപോയ ചിലര്‍ തങ്ങളുടെ ദാസ്യബോധം സര്‍ക്കാര്‍ ചെലവില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണു ശ്രമിക്കുന്നത്. കലാലയങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും ഒന്നിച്ചു കളിക്കുകയും ഒന്നിച്ചുണ്ണുകയും ചെയ്താല്‍ നാം പുരോഗതിയുടെ ഉച്ചിപ്രാപിച്ചെന്നു കരുതുന്നവര്‍പോലും അവര്‍ ഒന്നിച്ചുറങ്ങണമെന്നും ഉണരണമെന്നും പറയാന്‍ ധൈര്യം കാണിക്കുന്നില്ല. അതെന്തേ ഈ ലിംഗവിവേചനം? എന്തിനാണ് വെവ്വേറെ ഹോസ്റ്റലുകള്‍? സ്വാതന്ത്ര്യത്തിനു മുമ്പിലെ എല്ലാ തുടലുകളും തകര്‍ത്തെറിഞ്ഞ് അവര്‍ മുന്നേറട്ടെ!
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില പാശ്ചാത്യ ഏജന്‍സികളുടെ കറുത്ത കൈകള്‍ ഇത്തരം പ്രചാരണങ്ങള്‍ക്കും റിപോര്‍ട്ടുകള്‍ക്കും നടപടികള്‍ക്കും പിന്നിലുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. പടിഞ്ഞാറിന്റെ സാംസ്‌കാരിക കാലുഷ്യത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും സംസ്ഥാനത്തെ വലിച്ചിഴച്ച് സാംസ്‌കാരികമായ അധിനിവേശത്തിനാണ് ശ്രമം. നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും ജീവിതയാഥാര്‍ഥ്യങ്ങളും പരിസരങ്ങളും എന്തെന്നറിയാത്തവരുടെ ചിന്തകള്‍ നമ്മുടെ സാംസ്‌കാരികതയുടെ അസ്തിവാരങ്ങളെയാണ് തകര്‍ക്കാന്‍ ലക്ഷ്യമിടുന്നത് എന്നു നാം തിരിച്ചറിയണം.
Next Story

RELATED STORIES

Share it