palakkad local

പടിഞ്ഞാറന്‍ മേഖലയില്‍ കുന്നിടിക്കല്‍ വ്യാപകം



ആനക്കര: ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളും നോക്കെത്താ ദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന പാടങ്ങളുമായിരുന്നു ഒരുകാലത്ത് ജില്ലയുടെ പടിഞ്ഞാറന്‍മേഖലയുടെ ഭംഗി. വള്ളുവനാടിന്റെ ഗ്രാമീണഭംഗി ഉയര്‍ത്തിക്കാട്ടിയിരുന്ന കുന്നുകളില്‍ പലതും ഭൂമാഫിയയുടെ യന്ത്രപ്പല്ലുകള്‍ ആഴ്ന്നിറങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകുന്നില്ല. തൃത്താല മേഖലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ, തൃത്താല തുടങ്ങിയ പഞ്ചായത്തുകളിലാണ് കുന്നിടിക്കല്‍ വ്യാപകമായി നടക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ കുന്നിടിച്ച് ലഭിക്കുന്ന ഭൂരിഭാഗം മണ്ണും കൊണ്ടുപോകുന്നത് മലപ്പുറം ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ക്കായാണ്. മാഫിയകളുടെ ഇടപെടലിലൂടെ നിള നീര്‍ച്ചാലായതുപോലെ തലയെടുപ്പോടെ നിന്നിരുന്ന കുന്നുകളും ഇല്ലാതാവുകയാണ്. മൈനിങ് ആന്റ് ജിയോളജി വകുപ്പാണ് മണ്ണെടുക്കുന്നതിന് പാസ് അനുവദിക്കുന്നത്. പാസ് നല്‍കി കഴിഞ്ഞാല്‍ ഒരു പാസ് ഉപയോഗിച്ച് നിരവധി ലോഡ് മണ്ണാണ് മാഫിയകള്‍ കടത്തുന്നത്. പാസില്‍ മണ്ണെടുക്കാനുള്ള സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തണമെന്നാണ്ചട്ടം. ഇത് രേഖപ്പെടുത്താതിരിക്കുന്നതാണ് കണക്കില്‍പ്പെടാത്ത മണ്ണ് കടത്തിക്കൊണ്ടുപോകുന്നതിന് സഹായകമാകുന്നത്. തിയ്യതി ഉള്‍പ്പെടുത്താതെ മാസം മാത്രം രേഖപ്പെടുത്തി നല്‍കുമ്പോള്‍ ആ മാസം മുഴുവന്‍ ഒരേ പാസുപയോഗിച്ച് മണ്ണ് കടത്തുകയാണ്. ഇനി പിടിക്കപ്പെട്ടാലും പാസില്‍ ആ ദിവസത്തെ തിയ്യതിയിട്ട് നല്‍കുകയാണ് ചെയ്യുന്നത്. മണ്ണെടുക്കേണ്ട സമയം രേഖപ്പെടുത്താതെ നല്‍കുന്നതും ഇവര്‍ക്ക് സഹായകമാണ്. രാത്രി സമയം മുതല്‍ പുലര്‍ച്ചെ വരെ മണ്ണുകടത്തിക്കൊണ്ടുപോകുന്നതിന് ഇതു കാരണമാവുന്നു. മേഖലയില്‍ പലേടത്തും ചെറിയ കുന്നുകള്‍ ഒറ്റരാത്രികൊണ്ടാണ് ഇല്ലാതാവുന്നത്. പാടം നികത്തുന്നതിനും മറ്റുമായി കുന്നിടിക്കുന്നതും വ്യാപകമാണ്. മേഖലയില്‍ ഏക്കറുകണക്കിന് പാടങ്ങളും നികത്തിക്കഴിഞ്ഞിട്ടുണ്ട്. കൃഷിയിറക്കാത്ത പല പാടങ്ങളും നികത്തി വാഴത്തോട്ടങ്ങളാക്കി മാറ്റുന്നത് ചുരുങ്ങിയ സമയംകൊണ്ടാണ്. പാടങ്ങള്‍ തോട്ടങ്ങളായി മാറുന്നതോടെ ഭൂവിലയില്‍ ലക്ഷങ്ങളുടെ വര്‍ധനവുമുണ്ടാകുന്നുണ്ട്.
Next Story

RELATED STORIES

Share it