palakkad local

പടിഞ്ഞാറന്‍ മേഖലയില്‍ കഞ്ചാവ് വില്‍പന തകൃതി

സി കെ ശശി ചാത്തയില്‍

ആനക്കര: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കഞ്ചാവ് തകൃതിയായി. ഇതോടെ കഞ്ചാവ്, മറ്റ് മയക്ക് മരുന്ന് വില്‍പ്പനക്കെതിരേ എക്‌സൈസ് വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടാമ്പി, തൃത്താല മേഖലയില്‍ വ്യാപകമായി കഞ്ചാവ് വിറ്റ പട്ടാമ്പി മരുതൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടിയിരുന്നു.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ കഞ്ചാവ് വില്‍പന അടുത്തിടെയായി വ്യാപിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായ കൗമാരക്കാര്‍ക്ക് ചെറിയ രീതിയില്‍ ലഹരി നല്‍കി, പിന്നീട് ഇവരെ നിരന്തരം ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ച് മയക്കുമരുന്നുകള്‍ക്ക് അടിമയാക്കിയാണ് വിപണി ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് കഞ്ചാവ് വ്യാപകമായി എത്തുന്നത്. കുറ്റിപ്പുറം, ചാവക്കാട്, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നാണ് ചില്ലറയായി കഞ്ചാവ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ എത്തുന്നത്. ആനക്കര ഹൈസ്‌കൂള്‍ ഭാഗം, കുമ്പിടി, പറക്കുളം, കപ്പൂര്‍, ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി, കറുകപ്പുത്തൂര്‍ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് വില്‍പന നടക്കുന്നുണ്ട്.
ഏറ്റവും കുറഞ്ഞ അളവുള്ള പൊതിക്ക് 300 രൂപയാണ് വില്‍പനക്കാര്‍ വാങ്ങുന്നത്. ഇതില്‍ 20 ഗ്രാം ആയിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യവും കണക്കിലെടുത്ത് തൃത്താല എക്‌സൈസ് റേഞ്ചിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി. കഴിഞ്ഞ ഒരു മാസത്തില്‍ അമ്പത് ലിറ്ററോളം വിദേശമദ്യവും 60 ലിറ്റര്‍ വാഷും 1.35 കിലോ കഞ്ചാവുമാണ് നടപടികളുടെ ഭാഗമായി പിടിച്ചെടുത്തത്.
മൂന്നു ബൈക്കും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തു. റെയ്ഡുകള്‍ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി അബു, പ്രിവന്റീവ് ഓഫീസര്‍മാരായ വി കെ പ്രസാദന്‍,എസ് ഷിബു, എന്‍ ബി ഷാജു,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയരാജ്, ഷിജു, ശ്രീജി, മഹേഷ്, ജയന്‍, വനിതാ സി.ഇ.ഒ മാരായ ഉഷ, ദീപ, ഡ്രൈവര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Next Story

RELATED STORIES

Share it