wayanad local

പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം ഇന്ന്



മാനന്തവാടി: പടിഞ്ഞാറത്തറ പഞ്ചായത്തിലെ എന്‍ആര്‍ഇജിഎ ഓവര്‍സിയര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഭരണസമിതി ഇന്നു പ്രത്യേക യോഗം ചേരും. ഇതിനു മുമ്പ് ചേര്‍ന്ന രണ്ടു യോഗങ്ങളിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പോയിരുന്നു. മുന്‍പരിചയമുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നു യുഡിഎഫും ഇന്റര്‍വ്യൂ ബോര്‍ഡ് കണ്ടെത്തിയ ആളെ തന്നെ നിയമിക്കുമെന്ന് എല്‍ഡിഎഫും ഉറച്ച നിലപാടെടുക്കുകയാണ്. എന്നാല്‍, തര്‍ക്കമില്ലാതെ നിയമനം നടത്തി തൊഴിലുറപ്പ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പഞ്ചായത്തില്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനങ്ങളാണ് വിവാദമായത്. രണ്ടുമാസം മുമ്പ് മൂന്നു തസ്തികളിലേക്കും അപേക്ഷ ക്ഷണിച്ച് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും ഇതുവരെ നിയമനം നടത്താന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു ഭരണസമിതി യോഗങ്ങളിലും നിയമനം അജണ്ടയായെത്തിയെങ്കിലും പതിനാറംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിലെ ഏഴുപേര്‍ മാത്രമാണ് നിയമനത്തെ അനുകൂലിച്ചത്. കഴിഞ്ഞ വര്‍ഷം മുസ്‌ലിം ലീഗില്‍ തിരിച്ചെത്തിയ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടംഗങ്ങള്‍ ഓവര്‍സിയര്‍ നിയമനത്തെ എതിര്‍ക്കുന്നു. ഇതാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പാര്‍ട്ടി താല്‍പര്യമനുസരിച്ച് നിയമനം നടത്താന്‍ കഴിയാതെ പോവുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡ് ഓവര്‍സിയര്‍ തസ്തികയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയ ഉദ്യോഗാര്‍ഥിക്ക് മുന്‍പരിചയമില്ലെന്നും തികച്ചും രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടാണ് ഇയാളെ നിയമിക്കാന്‍ ഭരണസമിതി വാശിപിടിക്കുന്നതെന്നുമാണ് യുഡിഎഫ് ആരോപണം. എന്നാല്‍, നേരത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരിക്കെ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നയാള്‍ക്ക് ജോലി നല്‍കുന്നതിലെ അസംതൃപ്തിയാണ് ലീഗിന്. ഇന്റര്‍വ്യൂ ബോര്‍ഡ് കൂടുതല്‍ മാര്‍ക്ക് നല്‍കിയ ഉദ്യോഗാര്‍ഥിയെ നിയമിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും യുഡിഎഫ് ഇത് അട്ടിമറിച്ച് തൊഴിലാളികളെ പ്രയാസപ്പെടുത്തുകയുമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. മറ്റു തസ്തികകളില്‍ നിയമനം നടത്തുന്നതില്‍ തടസ്സമില്ലെങ്കിലും എഇ ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന എല്‍ഡിഎഫ് തീരുമാനം തൊഴിലുറപ്പ് മേഖലയെ സ്തംഭനത്തിലെത്തിച്ചു. നിലവില്‍ 3000ത്തോളം തൊഴിലാളികളാണ് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അടുത്ത മാര്‍ച്ച് 31നകം 150 തൊഴില്‍ ദിനങ്ങളായിരുന്നു ഇവര്‍ക്ക് വിഭാവനം ചെയ്തിരുന്നത്. തൊഴിലാളികളുടെ എണ്ണവും തൊഴില്‍ദിനങ്ങളും അടങ്ങുന്ന റിപോര്‍ട്ട് മേറ്റുമാര്‍ സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതംഗീകരിച്ച് സൈറ്റ് ഡയറിയും എസ്റ്റിമേറ്റും ബില്ലും തയ്യാറാക്കി മസ്റ്റര്‍റോള്‍ നല്‍കാന്‍ വകുപ്പില്‍ എഇ ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ഇതോടെ ഭൂരിഭാഗം ആദിവാസികളടങ്ങുന്ന തൊഴിലാളികള്‍ നിത്യവൃത്തിക്കുള്‍പ്പെടെ ബുദ്ധിമുട്ടുകയാണ്. ഇരുമുന്നണികളും നടത്തുന്ന രാഷ്ട്രീയ വടംവലിയുടെ പേരില്‍ തൊഴിലാളികള്‍ ദ്രോഹിക്കപ്പെടുന്നതിനെതിരേ പ്രതിഷേധം വ്യാപകമാണ്. സംയുക്ത തൊഴിലാളികളും ബിജിപിയും യുഡിഎഫും ഇതിനോടകം സൂചനാ ധര്‍ണകളും പിക്കറ്റിങും നടത്തി. ഇന്നു നടക്കുന്ന ഭരണസമിതി യോഗത്തില്‍ എഇ നിയമനം നടന്നില്ലെങ്കില്‍ രാഷ്ട്രീയത്തിനതീതമായി ശക്തമായ സമരത്തിനൊരുങ്ങുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.
Next Story

RELATED STORIES

Share it