wayanad local

പടിഞ്ഞാറത്തറ, അപ്പപ്പാറ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

മാനന്തവാടി: ഇന്നലെ വോട്ടെടുപ്പ് നടന്ന ജില്ലയിലെ രണ്ടു തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേ ഫലം ഇന്നറിയാം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിലും തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ അപ്പപ്പാറ വാര്‍ഡിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. പടിഞ്ഞാറത്തറിയില്‍ 11,507 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 64.03 ശതമാനം പോളിങ് രേഖപ്പെടുത്തി. അപ്പപ്പാറയില്‍ 1,311 വോട്ടര്‍മാരില്‍ 84.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പടിഞ്ഞാറത്തറയില്‍ ഡിവിഷന്‍ മെംബര്‍ ഈന്തല്‍ ആലി മരണപ്പെട്ട ഒഴിവിലേക്കും അപ്പപ്പാറയില്‍ വാര്‍ഡംഗം എ ബി ഉണ്ണി രാജിവച്ച ഒഴിവിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
രണ്ടിടങ്ങിളിലെയും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അപ്പപ്പാറയില്‍ മാവോവാദി സാന്നിധ്യമുള്ളതിനാലും പടിഞ്ഞാറത്തറയില്‍ രാഷ്ട്രീയ സംഘര്‍ഷം മുന്നില്‍ക്കണ്ടും കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. പടിഞ്ഞാറത്തറ ഡിവിഷനില്‍ യുഡിഎഫിലെ മുസ്‌ലിംലീഗില്‍ നിന്നു പി സി മമ്മൂട്ടിയും എല്‍ഡിഎഫില്‍ സിപിഎമ്മില്‍ നിന്നു കെ സന്തോഷ് കുമാറുമായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. മുന്‍വര്‍ഷം 345 വോട്ടിന് യുഡിഎഫ് വിജയിച്ച വാര്‍ഡാണിത്. എന്നാല്‍, വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയില്‍ കോണ്‍ഗ്രസ്സിലെ നിഷാ ചന്ദ്രനും സിപിഎമ്മിലെ ബിന്ദു സുരേഷ് ബാബുവും തമ്മിലാണ് പ്രധാന മല്‍സരം നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 276 വോട്ട് ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വാര്‍ഡില്‍ നിന്നു വിജയിച്ചിരുന്നു. ഇന്നു രാവിലെ 10നാണ് അതാതിടങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുക.
ഒരു മണിക്കൂറിനകം ഫലമറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇരുവാര്‍ഡുകളിലെയും ജയപരാജയങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതിയെ ബാധിക്കില്ല. പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഫെബ്രുവരി 17നു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് ഉച്ചയ്ക്ക് പടിഞ്ഞാറത്തറയില്‍ നടക്കും.
Next Story

RELATED STORIES

Share it