wayanad local

പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനം കത്തിനശിച്ചു



മാനന്തവാടി: പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനത്തിന് ദുരൂഹസാഹചര്യത്തില്‍ തീപ്പിടിച്ചു. കുപ്പാടിത്തറ ചാലില്‍ വയലില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയാണ് ബുധനാഴ്ച രാത്രി കത്തിനശിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തോളമായി വയലില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി തമിഴ്‌നാട് സ്വദേശികളുടേതാണ്. ഈ മാസം അഞ്ചിന് പടിഞ്ഞാറത്തറയില്‍ പാസ്റ്ററുടെ കാറും ബൈക്കും കത്തിനശിച്ചിരുന്നു. കെട്ടിടത്തിനും തീപ്പിടിച്ചു. ഇതേ കെട്ടിട ഉടമയുടെ വയലിലാണ് സേലം സ്വദേശി രാമചന്ദ്രന്റെ 2012 മോഡല്‍ ഹിറ്റാച്ചി കത്തിനശിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി കുപ്പാടിത്തറ ചാലില്‍ കളരിക്കല്‍ ബേബിയുടെ വയലില്‍ എത്തിച്ചതായിരുന്നു. പതിവു പോലെ വൈകീട്ട് ജോലികള്‍ നിര്‍ത്തിവച്ചു. രാത്രി തീ ഉയരുന്നതു കണ്ട നാട്ടുകാര്‍ തൊട്ടടുത്ത് പഴയ വീടാണെന്നു കരുതി സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ നിര്‍ത്തിയ ഹിറ്റാച്ചിയാണ് കത്തുന്നതെന്ന് അറിഞ്ഞത്. തുടര്‍ന്ന് പോലിസില്‍ അറിയിച്ചെങ്കിലും പടിഞ്ഞാറത്തറയില്‍ നിന്നും പോലിസെത്തുമ്പോഴേക്കും വാഹനം പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. 10 ലക്ഷത്തോളം വിലവരുന്ന വാഹനമാണ് നശിച്ചത്. പാസ്റ്ററുടെ കാറും ബൈക്കും കത്തിനശിച്ച സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ ഇനിയും പോലിസിന് ലഭിച്ചിട്ടില്ല. ഇതു കൂടി ലഭിച്ചെങ്കില്‍ മാത്രമേ വാഹനം കത്തിച്ചതാണോ എന്നു തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. ഇതിനിടെയാണ് വീണ്ടും ദുരൂഹ സാഹചര്യത്തില്‍ ഹിറ്റാച്ചിയും കത്തിയത്. പടിഞ്ഞാറത്തറ പോലിസ് വാഹന ഉടമയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it