wayanad local

പടിഞ്ഞാറത്തറയില്‍ ജൂണ്‍ 5 മുതല്‍ പ്ലാസ്റ്റിക് നിരോധനം

പടിഞ്ഞാറത്തറ: ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പ്ലാസ്റ്റിക് നിരോധനം. ഇതിനു മുന്നോടിയായി പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ശേഖരിച്ച് ടാറിങ് മെറ്റീരിയലാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക ഭരണസമിതി തീരുമാനത്തിനു ശേഷം എല്ലാ ഗ്രാമസഭകളിലും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയും വ്യാപാരി വ്യവസായി സംഘടനകളുടെ പ്രത്യേക യോഗം ചേര്‍ന്നും നടപടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാണാസുരസാഗര്‍ ഡാം പരിസരത്ത് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും പ്രഖ്യാപനവും നടത്തി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് വിരുദ്ധ പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് നിര്‍വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്തിനി ഷാജി, ഉഷാ വര്‍ഗീസ്, എം ബി നൗഷാദ്, മെംബര്‍മാരായ ഹാരിസ് കണ്ട്യന്‍, ജോസഫ് പുല്ലുമാരിയില്‍, കെ എസ് സന്തോഷ്, ഉഷ ആനപ്പാറ, സിന്ധു പുറത്തൂട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ജെ ദേവസ്യ സംസാരിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം മുഖ്യാതിഥിയായിരുന്നു.
Next Story

RELATED STORIES

Share it