Flash News

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്

പടിക്കല്‍ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്
X

ഭുവനേശ്വര്‍: 71ാം മിനിറ്റു വരെ 2-0ന് മുന്നില്‍ നിന്നിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ അവസാന 12 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകളടിച്ച് വിറപ്പിച്ച ഐലീഗ് ടീം നെറോക്ക എഫ് സി സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. തികച്ചും അല്‍ഭുതമെന്ന് പറയാന്‍ മാത്രം വകയുള്ള കാഴ്ചയായിരുന്നു ഇന്നലെ നെറോക്ക കലിംഗ സ്റ്റേഡിയത്തില്‍ നെറോക്ക കാഴ്ച വച്ചത.് കളി തുടങ്ങി 11ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെയാണ് കേരളം അക്കൗണ്ട് തുറന്നത്. ബോക്‌സിനുള്ളില്‍ വച്ച് പന്ത് നെറോക്ക താരത്തിന്റെ കയ്യില്‍ തട്ടിയതിന് ലഭിച്ച പെനല്‍റ്റി കിക്ക് വിക്ടര്‍ പുള്‍ഗ അനായാസം വലയിലാക്കുകയായിരുന്നു. എന്നാല്‍ 25ാം മിനിറ്റില്‍  ബ്ലാസ്‌റ്റേഴ്‌സ് താരം കെ പ്രശാന്തിന്റെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് നെറോക്ക ബോക്‌സില്‍ തട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ഗോള്‍ നേട്ടം രണ്ടായേനെ. ഉടന്‍ തന്നെ സികെ വിനീതിന് ഗോള്‍ നേടാന്‍ മികച്ചൊരു അവസരം ലഭിച്ചു.എന്നാല്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്ന ആ അവസരം വിനീത് പാഴാക്കി. താരം പന്ത് പുറത്തേക്കടിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിച്ചതായി റഫറിയുടെ അന്തിമ വിസില്‍ മുഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍.
പരുക്കേറ്റ സന്ദേശ് ജിങ്കന് പകരം റിനോ ആന്റോയെ കളത്തിലിറക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്.  എന്നാല്‍ 49ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. പെക്കൂസണ്‍ ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസില്‍ നിന്ന് കെ പ്രശാന്താണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. പിന്നീട് അപകടകാരികളായ നോര്‍ത്ത് ഇന്ത്യന്‍ ടീമിനെയാണ് കളിക്കളത്തില്‍ കണ്ടത്. 70ാം മിനിറ്റില്‍ നെറോക്കയുടെ ഷോട്ട് പോള്‍ റച്ചുബ്ക്ക തടുത്തിട്ടെങ്കിലും തൊട്ടടുത്ത നിമിഷം കേരളം കോര്‍ണര്‍ വഴങ്ങുകയും ചെയ്തു. ആ കോര്‍ണറിനൊടുവില്‍ ഫ്രഞ്ച് താരം ജീന്‍ ജോക്കിം നെറോക്കയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. സ്‌കോര്‍ 2-1. തൊട്ടടുത്ത മിനിറ്റില്‍ സികെ വിനീതിലൂടെ കേരളം ഗോള്‍ നേടിയെങ്കിലും അദ്ദേഹത്തിനെതിരെ ഓഫ്‌സൈഡ് വിസില്‍ മുഴങ്ങിയതോടെ കേരളതാരങ്ങള്‍ നിരാശരായി. എന്നാല്‍ കേരളത്തിന് വീണ്ടു ഷോക്ക് നല്‍കി 79ാം മിനിറ്റിലെ ഫ്രീകിക്കിനൊടുവില്‍ ആര്യന്‍ വില്യംസ് ഹെഡറിലൂടെ നെറോക്കയെ ഒപ്പമെത്തിച്ചു.സ്‌കോര്‍ 2-2.  82ാം മിനിറ്റില്‍ നെറോക്കയ്ക്ക് പെനല്‍റ്റി കൂടി ലഭിച്ചതോടെ കേരളം വിയര്‍ത്തു. ബോക്‌സില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം വെസ് ബ്രൗണിന്റെ കയ്യില്‍ പന്ത് തട്ടിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഫെലിക്‌സ് ചിഡി അനായാസം പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയിലാക്കി. കേരളം ഒരു ഗോളിന് പിന്നില്‍. പിന്നീട് ഗോളിനമായി വിയര്‍ത്തു കളിച്ച കേരളത്തിന് 2-3ന്റെ നാണം കെട്ട പരാജയത്തോടെ ബൂട്ടഴിക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it