പടലപ്പിണക്കം ചതിച്ചു; ഞെട്ടലോടെ കോണ്‍ഗ്രസ് നേതൃത്വം

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ ആരംഭിച്ച അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും യുഡിഎഫിന് വിനയായപ്പോള്‍ ചെങ്ങന്നൂരില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷം നേടിയത് റെക്കോഡ് ഭൂരിപക്ഷം.
പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം സാമുദായിക വോട്ടുകളും കേന്ദ്രീകരിപ്പിക്കാന്‍ കഴിഞ്ഞതോടെ വോട്ടെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇടതുപക്ഷം മുന്നേറുകയായിരുന്നു.     സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകരില്‍ വിശ്വാസമില്ലായിരുന്നുവെന്ന് വോട്ടെണ്ണലിന്റെ തലേദിവസം തന്നെ നടത്തിയ പ്രസ്താവനയിലൂടെ പുറത്തുവന്നിരുന്നു. തനിക്കുവേണ്ടി ആരും പ്രവര്‍ത്തിച്ചില്ലെന്നും താഴേത്തട്ടില്‍ വോട്ടുറപ്പിക്കാന്‍ നേതാക്കന്‍മാരോ പ്രാദേശിക പ്രവര്‍ത്തകരോ തയ്യാറായില്ലെന്നും വിജയകുമാര്‍ തുറന്നടിച്ചിരുന്നു. തന്റെ വീട്ടില്‍ പോലും നോട്ടീസ് നല്‍കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയില്ലെന്നും വിജയകുമാര്‍ ആരോപിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്സില്‍ ചേക്കേറിയ ചില ചാഞ്ചാട്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ വോട്ടുറപ്പിക്കാനോ പ്രവര്‍ത്തനത്തിനോ മുന്‍ൈകയെടുത്തില്ല. പ്രാദേശികമായി പിന്തുണയില്ലാത്ത ചില മുന്‍ പോലിസ് ഉദ്യോഗസ്ഥരടക്കം വിജയകുമാറിനൊപ്പം കോണ്‍ഗ്രസ് ചമഞ്ഞ് പ്രവര്‍ത്തനത്തിനിറങ്ങി എങ്കിലും ഇവരുടെ സാന്നിധ്യം വോട്ടു നഷ്ടത്തിന് കാരണമായി എന്നതാണു സത്യം.
അതേസമയം മണ്ഡലത്തില്‍ നിര്‍ണായക ശക്തിയല്ലെങ്കിലും പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗും അവസരത്തിനൊത്തുയര്‍ന്നില്ല. മുസ്‌ലിംലീഗിന് സ്വാധീനമുള്ള മാന്നാര്‍, മുളക്കുഴ, കൊല്ലകടവ് എന്നിവിടങ്ങളില്‍ പോലും ഇടതു സ്ഥാനാര്‍ഥിക്കായിരുന്നു മുന്‍തൂക്കം. മുളക്കുഴയില്‍ മുസ്്‌ലിംലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പോലും വോട്ടുറപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല. ഭരണവിരുദ്ധ തരംഗം ആവോളമുണ്ടായിരുന്നതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സ്ഥാനാര്‍ഥിയുടെ മണ്ഡലത്തിലെ പരിചയവും സര്‍ക്കാരിനെതിരേ വീണുകിട്ടിയ വിവാദങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ബിജെപിക്കാണ് ലഭിച്ചത്.  ഈ വോട്ടുകള്‍ തിരിച്ചുപിടിക്കുന്നതിനു വേണ്ടിക്കൂടിയായിരുന്നു വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്. ഹൈന്ദവ സംഘടനകളുമായി വിജയകുമാറിനുള്ള ബന്ധം ഗുണംചെയ്യുമെന്നു പാര്‍ട്ടി വിലയിരുത്തി. അതോടൊപ്പം ഭരണവിരുദ്ധ തരംഗവും ഘടകമാവുമെന്ന് കരുതി. രണ്ടും അനുകൂലമായില്ലെന്നു മാത്രമല്ല സംഘടനാ രംഗത്തെ പിഴവുകള്‍ പാര്‍ട്ടിക്ക് വലിയ നഷ്ടവുമായി.
Next Story

RELATED STORIES

Share it