Flash News

പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
X
തിരുവനന്തപുരം:  കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഓഖി ദുരിന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് അദ്ദേഹം. രാവിലെ 11 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന രാഹുല്‍ഗാന്ധി 11.30 ന് ഓഖി ദുരിതം വിതച്ച പൂന്തുറ സന്ദര്‍ശിക്കും.



പൂന്തുറ പള്ളിക്ക് മുന്നില്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തും. 12ന് മറ്റൊരു ദുരിന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തും. അതിനുശേഷം ഹെലികോപ്ടര്‍ മാര്‍ഗം തമിഴ്‌നാട്ടിലെ ദുരന്തബാധിത മേഖലയായ ചിന്നത്തുറയിലേക്ക് പോകും. പ്രതിപക്ഷ നേതാവടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒപ്പം ഉണ്ടാകും. അവിടെ നിന്നും 2.50ന് തിരികെ എത്തിയശേഷം മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉച്ചഭക്ഷണം. മൂന്നരയ്ക്ക് തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കും.

അതിനുശേഷം അഞ്ചരയോടെ പടയൊരുക്കം സമാപന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തും. എല്ലാ ജില്ലകളില്‍ നിന്നുമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. മുന്നണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എം.പി. വീരേന്ദ്രകുമാര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ ജെ ഡി യുവിന്റെ മറ്റ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ദേശീയ അധ്യക്ഷനായി നിയുക്തനായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് വിപുലമായ സ്വീകരണം കൂടിയാണ് ഒരുക്കിയിട്ടുള്ളത്.

യുഡിഎഫ് സമ്മേളനത്തിലും പങ്കെടുത്തശേഷം രാഹുല്‍ രാത്രി ഏഴരയോടെ ഡല്‍ഹിക്ക് മടങ്ങും.
Next Story

RELATED STORIES

Share it