പടനയിക്കാന്‍ പടച്ചട്ടയണിഞ്ഞ് പിണറായി

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ആള്‍ക്കൂട്ടത്തിന്റെ മനശ്ശാസ്ത്രമോ ജനപ്രിയതയുടെ സൂത്രവാക്യങ്ങളോ നോക്കാതെ, ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക. അതെത്രതന്നെ വിവാദമുണ്ടാക്കിയാലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക. വര്‍ത്തമാന കേരള രാഷ്ട്രീയത്തില്‍ അത്യപൂര്‍വം നേതാക്കളില്‍ മുന്‍നിരയിലുള്ളത് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തന്നെ. പലരും അതിനെ കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യമെന്നും ധാര്‍ഷ്ട്യമെന്നും പരിഹസിക്കുമ്പോഴും തെല്ലും സങ്കോചമില്ലാതെ പടനയിക്കാന്‍ പടച്ചട്ടയണിഞ്ഞിരിക്കുകയാണു പിണറായി വിജയനെന്ന 72കാരന്‍.
1970ല്‍ 26ാം വയസ്സിലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. പിഎസ്പിയുടെ തായത്ത് രാഘവനെ തോല്‍പ്പിച്ചത് 743 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 77ല്‍ ആര്‍എസ്പിയുടെ കെ അബ്ദുല്‍ഖാദറിനെതിരേ കൂത്തുപറമ്പിലെ ഭൂരിപക്ഷം 4401. 1991ല്‍ കോണ്‍ഗ്രസ്സിന്റെ പി രാമകൃഷ്ണനെതിരേ ജയിച്ചത് 13,060 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 1999ല്‍ പയ്യന്നൂരില്‍ നിന്നു ജനവിധി തേടിയപ്പോള്‍ ഭൂരിപക്ഷം 28,078 ആയിരുന്നു. ഇത്തവണ തന്റെ സ്വന്തം നാട് ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലത്തില്‍ നിന്നാണു ജനവിധി തേടുന്നത്. നാലുതവണ നിയമസഭാംഗമായ പിണറായി വിജയന്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ഇക്കാലത്താണ് രാഷ്ട്രീയ ജീവിതത്തിനു മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയ ലാവ്‌ലിന്‍ വിഷയം ഉയര്‍ന്നത്. ഒടുവില്‍ കേരളം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ഇടതുപക്ഷത്തിന്റെ അമരത്ത് ആരെന്ന ചോദ്യത്തിനും പിണറായിയുടെ പേരുതന്നെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
Next Story

RELATED STORIES

Share it