thrissur local

പടക്കനിര്‍മാണശാലയുടെ ഗോഡൗണില്‍ വന്‍ സ്‌ഫോടനം: ആളപായമില്ല; വ്യാപക നാശനഷ്ടം

ചേര്‍പ്പ്: ചേര്‍പ്പ് പടിഞ്ഞാറ്റുമുറിയ്ക്കടുത്ത് പണ്ടാരച്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയുടെ ഗോഡൗണില്‍ വന്‍ സ്‌ഫോടനം നടന്നു. ആളപായമില്ല. വ്യാപക നാശനഷ്ടമുണ്ടായി. സ്‌ഫോടനത്തില്‍ കോണ്‍ക്രീറ്റ് ഗോഡൗണ്‍ പൂര്‍ണമായും നശിച്ചു. ഇന്നലെ പുലര്‍ച്ചെ 3.50നാണ് അപകടം.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടക്കവും ഗുണ്ടുകളും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ അത്യുഗ്രഹ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. പടക്കനിര്‍മാണശാല സ്ഥിതിചെയ്യുന്ന പറമ്പിലെയും സമീപത്തെയും പത്തോളം തെങ്ങുകള്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ കടപുഴകിയും ഒടിഞ്ഞും വീണു. പെരുമ്പിള്ളിശേരി പാറമേല്‍ സുജിത്താണ് പടക്കനിര്‍മാണശാലയുടെ ലൈസന്‍സി. നന്തിപുലം ക്ഷേത്രത്തിലെ പത്താമുദയം ആഘോഷത്തിന് തയാറാക്കിവച്ചിരുന്ന പടക്കങ്ങളാണ് കത്തിനശിച്ചത്.
അഞ്ചു പണിക്കാരാണ് പടക്കനിര്‍മാണശാലയിലുള്ളത്. ഉത്സവസീസണ്‍ ആയതിനാല്‍ ഇന്നലെ മുതല്‍ പണി ആരംഭിക്കാനിരിക്കെയാണ് അപകടം. പടക്കങ്ങള്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നതിന് രാവിലെ ആറിന് പണിക്കാരെത്തി ജോലികള്‍ ആരംഭിക്കേണ്ടതായിരുന്നു.
ഗോഡൗണിനു സമീപം ഇതേപോലുള്ള മൂന്നു കെട്ടിടങ്ങളുണ്ട്. അവിടെ നിര്‍മിക്കുന്ന പടക്കങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. നിലവില്‍ ഇവിടെ വൈദ്യുതിബന്ധമോ, അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ അപകടകാരണം വ്യക്തമല്ല.
ഒറ്റ സ്‌ഫോടനം മാത്രമാണ് ഉണ്ടായത്. പടക്കനിര്‍മാണശാല പാടത്തിനു നടുവിലായതിനാല്‍ മറ്റു ദുരന്തങ്ങള്‍ ഒഴിവായി. കെട്ടിടത്തിന്റെ ചിന്നിച്ചിതറിയ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലെ പണ്ടാരച്ചിറ പാടശേഖരത്തിലാണ് വീണത്. ശബ്ദംകേട്ട് ഭൂമികുലുക്കമാണെന്നായിരുന്നു നാട്ടുകാര്‍ വിചാരിച്ചത്. പടിഞ്ഞാട്ടുമുറി, ഹെര്‍ബര്‍ട്ട് കനാല്‍, പണ്ടാരച്ചിറ, എട്ടുമന പൊട്ടുചിറ, ചെറിയപാലം, മുത്തുഴിയാല്‍ പ്രദേശത്തെ പത്തോളം വീടുകളിലെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.
ഫോറന്‍സിക് വിദഗധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തഹസില്‍ദാര്‍ ശിവകുമാര്‍ ഉണ്ണിത്താന്‍, റൂറല്‍ എസ്പി കെ കാര്‍ത്തിക്, എഡിഎം സി കെ അനന്തകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചേര്‍പ്പ് സിഐ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൊച്ചി ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് വിഭാഗം വിദഗ്ധര്‍ ഇന്നു സ്ഥലത്തെത്തും. സ്ഥലത്ത് തീപിടിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അപകടം സംബന്ധിച്ച് വിദഗ്ധ അന്വേഷണം നടത്തണമെന്ന് ഉടമ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it