malappuram local

പഞ്ചായത്ത് സ്ഥലത്ത് ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം പാഴാവുന്നു

കാളികാവ്: വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വക സ്ഥലത്ത് ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം പാഴാവുന്നു. കെട്ടിടം പഞ്ചായത്തിന് കൈമാറാന്‍ വൈകുന്നതാണ് കാരണം. വാണിയമ്പലം അങ്ങാടിയുടെ കണ്ണായ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. നാലു കോടി മുടക്കിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കും കെട്ടിടവും നിര്‍മിച്ചത്.
പാര്‍ക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും കെട്ടിട കൈമാറ്റം നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയായാല്‍ കെട്ടിടം പഞ്ചായത്തിനു കൈമാറാമെന്ന ധാരണയിലാണ് പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കിയത്. ഇവിടെയുണ്ടായിരുന്ന ഗുഡ്‌സ് ടാക്‌സി സ്റ്റാന്റ് ഒഴിപ്പിച്ചാണ് നിര്‍മാണം നടത്തിയത്. കടുത്ത ഗതാഗത തിരക്കുള്ള വാണിയമ്പലം ടൗണില്‍ ടാക്‌സികള്‍ക്കും ഗുഡ്‌സ് വാഹനങ്ങള്‍ക്കും ഇപ്പോള്‍ സ്ഥലവുമില്ല.    കെട്ടിടം കൈമാറണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ രണ്ടു തവണ ടൂറിസം വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇതു കാരണം കെട്ടിടത്തിന് നമ്പറിടാനോ വൈദ്യുതീകരണ പ്രവൃത്തി നടത്താനോ കഴിഞ്ഞിട്ടില്ല. ഒന്നര വര്‍ഷമായി പഞ്ചായത്തിന് വാടകയിനത്തില്‍ ലഭിക്കേണ്ട വന്‍ തുകയും നഷ്ടമായി.
വാണിയമ്പലത്തനുവദിച്ച മാവേലി സ്‌റ്റോറിന് സ്ഥലം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് പഞ്ചായത്തിന്റെ ആറു വാടകമുറികള്‍ ഒഴിഞ്ഞുകിടക്കുന്നത്. റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന് നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കും പരിപാലിക്കപ്പെടാതെ നാശത്തിന്റെ വക്കിലാണ്. ടാക്‌സി വാഹനങ്ങള്‍ക്ക് മറ്റു സ്ഥലം കണ്ടെത്താതെ കുടിയൊഴിപ്പിച്ച് നിര്‍മിച്ച കെട്ടിടം അനാഥമായിക്കിടക്കുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it