malappuram local

പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍; ഡെപ്യൂട്ടി ഡയറക്ടറെ തടഞ്ഞുവച്ചു

കൊണ്ടോട്ടി: നഗരസഭയിലേക്കുള്ള അന്തിമ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെയും അസി. സെക്രട്ടറിയെയും സസ്‌പെന്റ് ചെയ്തു. സെക്രട്ടറി ആരിഫ്, അസി. സെക്രട്ടറി എന്‍ അനൂപ് എന്നിവരെയാണ് ജില്ലാ കലക്ടര്‍ ഭാസ്‌കരന്റെ നിര്‍ദേശത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി ഹരിദാസ് സസ്‌പെന്റ് ചെയ്തത്. ക്രമക്കേടിന് കൂട്ടുനിന്നെന്ന് ആരോപണം ഉയര്‍ന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ റിയാസിനെതിരേ അന്വേഷണം നടത്താന്‍ സിഐക്ക് നിര്‍ദേശം നല്‍കി. ഇന്നലെ പുറത്തിറങ്ങിയ അന്തിമ വോട്ടര്‍പ്പട്ടികയിലാണ് വ്യാപക ക്രമക്കേട് കണ്ടത്. നിരവധി വോട്ടര്‍മാരെ സ്വന്തം വാര്‍ഡില്‍ നിന്നു മറ്റുവാര്‍ഡുകളിലേക്ക് മാറ്റുകയോ പട്ടികയില്‍ നിന്നു ഒഴിവാക്കുകയോ ചെയ്തതായി കണ്ടെത്തി. വോട്ടര്‍പ്പട്ടിക വാങ്ങാനെത്തിയ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരാണ് ക്രമക്കേട് കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസില്‍ ബഹളംവയ്ക്കുകയും സെക്രട്ടറിയെ തടയുകയും ചെയ്തു.

പ്രശ്‌നം അന്വേഷിക്കാനെത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം ഘരാവോ ചെയ്തു. അന്തിമ വോട്ടര്‍പ്പട്ടികയില്‍  മുഴുവന്‍ വാര്‍ഡുകളിലായി 2000ലേറെ ആളുകളെ മാറ്റുകയോ പട്ടികയില്‍ നിന്നു ഒഴിവാക്കുകയോ ചെയ്തതായി സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മുസ്്‌ലിംലീഗിന് വിജയിക്കാനായി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടര്‍മാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതാണെന്നാണ് ആരോപണം. 10ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി എം ഫര്‍ഹാനാ ബീഗത്തെ വാര്‍ഡില്‍ നിന്നു വെട്ടി ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ഡില്‍ 101 പേരെയാണ് ഒഴിവാക്കിയത്. പനയം പറമ്പില്‍ -124, ചമ്മലപ്പറമ്പ് -93, നീറാട്- 64, നീറ്റാണി- 110. എന്നിങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. കോടങ്ങാട് വാര്‍ഡില്‍ നിന്നു 48 പേരെ ഒഴിവാക്കുകയും 31 പേരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കാളോത്തേക്ക് മാറ്റിയ 48 പേരെ അവിടെനിന്നു ഒഴിവാക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും ജനങ്ങളില്‍ നിന്നുമായി നൂറിലേറെ പരാതികളാണ് ഇലക്്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ലഭിച്ചത്.

ഉച്ചയോടെ പഞ്ചായത്ത് ഓഫിസിലെത്തിയ ഡിഡിപി വി ഹരിദാസ്, സൂപ്രണ്ട് കെ പ്രഭാകരന്‍, ഇലക്്ഷന്‍ ക്ലര്‍ക്ക് എം സി ഹരീഷ്, ടി കെ രൂപേഷ്, എന്നിവരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. വൈകീട്ടോടെ ഡെപ്യൂട്ടി കലക്ടര്‍ കലക്ടര്‍ സി ഭാസ്്കരന്‍ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. ഇന്ന് ഉച്ചയോടെ മുഴുവന്‍ വാര്‍ഡുകളിലെയും വോട്ടര്‍പ്പട്ടിക പരിശോധിച്ച് അപാകതകള്‍ നീക്കാന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌നം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു. പ്രശ്‌നം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ ദേശീയപാത ഉപരോധിച്ച് രാത്രിയില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it