Citizen journalism

പഞ്ചായത്ത് മെംബര്‍മാരുടെ വേതനം, പെന്‍ഷന്‍

പി കുഞ്ഞിപ്പ നെല്ലിക്കുത്ത്

വലിയ എംപി(മെംബര്‍ ഓഫ് പാര്‍ലമെന്റ്)മാര്‍ക്കും ചെറിയ എംപി(മെംബര്‍ ഓഫ് പഞ്ചായത്ത്)മാര്‍ക്കും ഇരട്ടിയിലധികം വേതനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തതായുള്ള വാര്‍ത്ത വായിക്കാനിടയായി. ശുപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ ഒരു എംപിക്ക് മൊത്തം ലഭ്യമാവുക 2.8 ലക്ഷം രൂപയാണ്. ഇതനുസരിച്ച് മുന്‍ എംപിമാരുടെ പെന്‍ഷനും ആനുപാതികമായി വര്‍ധിക്കും. ഇത് എംപിമാരുടെ കാര്യം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായ ഡല്‍ഹി സര്‍ക്കാര്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും അടിസ്ഥാന ശമ്പളത്തിന്റെ നാലിരട്ടിയാണത്രെ ഈയിടെ വര്‍ധിപ്പിച്ചത്. സര്‍വത്ര വിഷയങ്ങളിലും പാര്‍ലമെന്റിലും നിയമസഭകളിലും സാമാജികര്‍ കീരിയും പാമ്പുമാണെങ്കിലും ശമ്പളവര്‍ധന വരുമ്പോള്‍ ഒരേ മെയ്യും ഒരേ മനസ്സുമാണ്. ഇതിനോടൊപ്പം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ വേതനവും 100ഉം 200ഉം ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തതും വായിക്കാനിടയായി. അവരുടെ ഭാരിച്ച ഉത്തരവാദിത്തത്തിനും അധ്വാനത്തിനും അനുസൃതവും കാലോചിതവുമായ ഒരു വേതനം നാളിന്നോളം അവര്‍ക്ക് അനുവദിക്കപ്പെടുകയുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. താഴെത്തട്ടിലുള്ള ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് അവര്‍ക്ക് ഇപ്പോള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള വേതനംപോലും തുലോം തുച്ഛമാണെന്നു പറയാതെ വയ്യ. ഇതോടനുബന്ധിച്ച് പ്രത്യേകം എടുത്തുപറയേണ്ട ഒരു പ്രധാന സംഗതികൂടിയുണ്ട്. പഴയ പഞ്ചായത്ത് മെംബര്‍മാര്‍ക്കും മറ്റും പെന്‍ഷന്‍ നല്‍കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇവിടെ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാത്തവരായി ഒരുവിഭാഗമുണ്ടെങ്കില്‍ അത് പഴയ പഞ്ചായത്ത് മെംബര്‍മാരും കൗണ്‍സിലര്‍മാരുമാണ്. 15 രൂപ മുതല്‍ 25ഉം 40ഉം ഒക്കെ സിറ്റിങ് ഫീ വാങ്ങിയിരുന്ന പല മുന്‍ മെംബര്‍മാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവര്‍ ആ സ്ഥാനത്തിരുന്നപ്പോള്‍ പല പേരിലും പല ആനുകൂല്യങ്ങളും വേതനമായി ഭാരിച്ച സംഖ്യയും ലഭിക്കുകയും സ്ഥാനം നഷ്ടപ്പെട്ടാല്‍ നല്ലൊരു സംഖ്യ പെന്‍ഷനായും ലഭിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജനപ്രതിനിധികളായിരുന്നപ്പോള്‍ നക്കാപ്പിച്ചയും സ്ഥാനം ത്യജിച്ചതിനുശേഷം കാല്‍ക്കാശുപോലും പെന്‍ഷനായി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വ്യക്തമായ വിവേചനവും അങ്ങേയറ്റത്തെ വിരോധാഭാസവുമല്ലേ?

Next Story

RELATED STORIES

Share it