Kollam Local

പഞ്ചായത്ത് ഭൂമി സ്‌കൂളിന് നല്‍കണം: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ചവറ:മുക്കുത്തോട് സര്‍ക്കാര്‍ യുപി സ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന ചവറ ഗ്രമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് വസ്തു സ്‌കൂളിന് നല്‍കണമെന്ന ആവശ്യം ശക്തമാക്കുന്നു.
ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് സന്ധ്യയായാല്‍ സാമൂഹിക വിരുദ്ധ ശല്യവും പതിവാണ് .കളിസ്ഥലം ഇല്ലാത്ത സ്‌കൂളിന് ഈ ഭൂമി വിട്ട് നല്‍കണമെന്നാവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. 1948 ല്‍ സര്‍ക്കാര്‍ ഏറ്റടുത്ത 53 സെന്റിലാണ് സ്‌കൂള്‍ നിലനില്‍ക്കുന്നത്. ഇതില്‍ നിറയെ കെട്ടിടങ്ങളായി മാറിയതിനാല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കളിസ്ഥലം അന്യമായിരിക്കുകയാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നിരവധി തവണ നിവേദന ങ്ങള്‍ സമര്‍പ്പിച്ചിട്ടും ഫലമുണ്ടായില്ല .2011ല്‍ മന്ത്രി എം കെ മുനീര്‍ ചവറ സന്ദര്‍ശനവേളയില്‍ നിവേദനം നല്‍കിയതിന്റെ ഭാഗമായി 2013 ല്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് 20 സെന്റ് അനുവദിച്ച് കൊണ്ട് പഞ്ചായത്തില്‍ നിന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതായി സ്‌കൂളിനെ അറിക്കുകയായിരുന്നു. ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ പിടിഎ നിരവധി തവണപഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്ത് പൊതുകളിസ്ഥലമാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മൈതാനം സംബന്ധിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് ചവറ പഞ്ചായത്ത് പ്രസിഡന്റ് പി കെ ലളിത പറഞ്ഞു. 500 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം കലാകായിക രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. ചവറ സബ് ജില്ലയില്‍ കലോത്സവത്തിനും കായിക മേളയിലും തുടര്‍ച്ചയായി മുന്നേറ്റം നടത്തുന്ന സ്‌കൂളാണ്. എന്നാല്‍ ഈ മൈതാനത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനം തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെയും അധ്യപക രക്ഷകര്‍ത്താക്കളെയും നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. എന്നാല്‍ കളിസ്ഥലം ഇല്ലാത്ത സ്‌കൂളിന് കളിസ്ഥല നവീകരണത്തിന് സ്ഥലം എംഎല്‍എയായമന്ത്രി ഷിബു ബേബി ജോണിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈഫണ്ട് ഉപയോഗിച്ച് മൈതാനം നവീകരിക്കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it