thiruvananthapuram local

പഞ്ചായത്ത് പ്രസിഡന്റ് റിസര്‍വോയര്‍ കൈയേറി മാലിന്യം തള്ളിയതായി പരാതി

നെടുമങ്ങാട്: അരുവിക്കര ജലസംഭരണിയിലെ റിസര്‍വോയര്‍ പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് കൈയ്യേറി മാലിന്യം നിക്ഷേപിച്ചതായി പരാതി. വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെയാണ് അരുവിക്കര പോലിസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയുടെ റിസര്‍വോയര്‍ പ്രദേശമായ വാളിയറയിലെ വാഴോട് പ്രദേശത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ഭൂമി കൈയ്യേറി മാലിന്യം തള്ളുന്നതായി അരുവിക്കര വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് ടെലിഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലം പരിശോധിക്കാനെത്തിയപ്പോള്‍ റിസര്‍വോയറില്‍ നിന്നും ജെസിബി സ്ഥലത്ത് നിന്നും മടങ്ങി പോകുന്നത് കണ്ടെന്നും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ്് ഭീഷണിപ്പെടുത്തുകയും ഈ സ്ഥലം ഉടന്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി വാട്ടര്‍ അതോറിറ്റി അരുവിക്കര ഹെഡ് വര്‍ക്ക്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ കലക്ടര്‍ക്കും അരുവിക്കര പോലിസിനും പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരുവിക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ നിതീഷ് പറഞ്ഞു.കഴിഞ്ഞ കഴിഞ്ഞ മാസം 23 നും വാളിയറ വാഴോടില്‍ സമാനമായ രീതിയില്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം നടന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. പോലിസ് ഇടപ്പെട്ടതിനെ തുടര്‍ന്ന് കൈയ്യേറ്റശ്രമം അന്ന് പകുതിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് റിസര്‍വോയര്‍ കൈയ്യേറുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുടിവെള്ള സ്രോതസ്സായ അരുവിക്കര റിസര്‍വോയര്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച് മണ്ണിട്ട് കൈയ്യേറ്റം നടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു. ന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കൈയ്യേറിയിട്ടില്ലെന്നും ആ പ്രദേശത്തുള്ളവര്‍ക്ക് വേണ്ടി വഴിയൊരുക്കുന്നതിതാണ് ശ്രമിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി പറഞ്ഞു.

Next Story

RELATED STORIES

Share it