kozhikode local

പഞ്ചായത്ത് പ്രസിഡന്റില്ല; പുതുപ്പാടിയില്‍ ഭരണ സ്തംഭനം

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും അധികാരമേറ്റു ഭരണം നടത്തുമ്പോള്‍ പുതുപ്പാടിയില്‍ ഭരണ സ്തംഭനം ജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതല്‍ ഉദ്യോഗ തലങ്ങളിലേക്ക് ഭരണം മാറുകയും പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെ എല്ലാ പഞ്ചായത്തുകളിലും നവംബര്‍ 19ഓടെ ഭരണ സ്തംഭനം മാറി. എന്നാ ല്‍ പുതുപ്പാടിയില്‍ സ്ഥിതി മാറിയില്ല.
ഭവന നിര്‍മാണത്തിനു ആനുകൂല്യം ഭാഗികമായി കൈപ്പറ്റിയവരും അല്ലാത്തവരുമാണ് ഏറെ പ്രയാസത്തിലായത്. ഈ മാസം മുപ്പതിനു പ്രസിഡന്റ് അധികാരമേറ്റാലും പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രസിഡന്റും സെക്രട്ടറിയും സംയുക്തമായി ഒപ്പു നല്‍കിയാലേ ഫണ്ട് പാസാവുകയുള്ളൂ. ഇവിടെ പ്രസിഡന്റ് സ്ഥാനം എസ്‌സി വിഭാഗത്തിനാണ് സംവരണം ചെയ്തത്.
ഭരണം നേടിയ ഇടതു മുന്നണിക്ക് ഒരു എസ്‌സി അംഗത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യുഡിഎഫില്‍ മൂന്ന് എസ്‌സി അഗങ്ങള്‍ ഉണ്ടായിട്ടും അവര്‍ക്കിടയിലെ പിടലപ്പിണക്കം മൂലം പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത് നഷ്ടപ്പെടുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ട ദിവസം യുഡിഎഫ് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ഇടതു മുന്നണി അംഗങ്ങള്‍ പഞ്ചായത്തിലെത്തുകയും ചെയ്തിരുന്നു.
യുഡിഎഫിലെ ഒരു എസ് സി അംഗത്തെ താല്‍ക്കാലികമായി പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. എന്നാല്‍ യുഡിഎഫിലെ ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി തര്‍ക്കമായതോടെയാണ് ബഹിഷ്‌കരണം നടത്തിയത്.
പിറ്റേന്ന് കോണ്‍ഗ്രസ്സിലെ അംഗത്തെ തീരുമാനിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു എത്തിയപ്പോള്‍ നിയമ പ്രശ്‌നം ഉന്നയിച്ചു. ഇടതുമുന്നണി അംഗങ്ങള്‍ വോട്ടെടുപ്പിനു തയ്യാറായില്ല. റിട്ടേണിങ് ഓഫിസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടു. ഇതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 30ലേക്ക് മാറ്റിവച്ചു. അതുവരെ ഉദ്യോഗസ്ഥ ഭരണം തന്നെ നടക്കും. വൈസ് പ്രസിഡന്റായി ഇടതുമുന്നണിയിലെ കുട്ടിയമ്മ മാണിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഇവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള പ്രസിഡന്റ് ഇല്ലാത്തതിനാല്‍ അധികാരമേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
ഫലത്തില്‍ പുതുപ്പാടിയില്‍ ഭരണ സ്തംഭനം തുടരുന്നു. ഈമാസം മുപ്പതിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങ ള്‍ അണിയറയില്‍ നടന്നു വരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പല അവകാശങ്ങളും ലഭിക്കാതെ പോവുന്നു. ഇത് വോട്ടു ചെയ്തു അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it