പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; ഗുജറാത്തില്‍ 110 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും

അഹ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 110 കമ്പനി കേന്ദ്ര സായുധ പോലിസ് സേനയെ (സിഎപിഎഫ്) വിന്യസിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 50 കമ്പനി സേന സംസ്ഥാനത്തെത്തിയിട്ടുണ്ട്. 20 സംഘങ്ങള്‍ സംസ്ഥാനത്തേക്കു തിരിച്ചിട്ടുണ്ട്. 70നും 80നുമിടയില്‍ അംഗങ്ങളാണ് ഒരു സംഘത്തിലുണ്ടാവുക.
അഹ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജംനഗര്‍, ഭാവ്‌നഗര്‍ കോര്‍പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 22നും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് 29നുമാണു നടക്കുന്നത്. ക്രമസമാധാനനില പരിശോധിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരേഷ് സിന്‍ഹ ഇന്നലെ ഗാന്ധിനഗറില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.
സംസ്ഥാനത്തെ 2,769 പോളിങ് കേന്ദ്രങ്ങളെ അതീവ പ്രശ്‌നബാധിതമെന്നും 5,271 എണ്ണത്തെ പ്രശ്‌നബാധിതമെന്നും തരംതിരിച്ചിട്ടുണ്ട്. 117 കമ്പനി സംസ്ഥാന സായുധ പോലിസിനെയും ഈ പോളിങ് കേന്ദ്രങ്ങളില്‍ വിന്യസിക്കും.
സുരക്ഷാ നടപടികളുടെ ഭാഗമായി നാലു ലക്ഷത്തിലധികം വാഹനങ്ങളും ലൈസന്‍സുള്ള 41,000ലധികം തോക്കുകളും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സായുധ, അര്‍ധസൈനിക വിഭാഗങ്ങള്‍ക്കൊപ്പം സംസ്ഥാന പോലിസിലെ 9000 പേരെയും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കു വിന്യസിക്കും.
Next Story

RELATED STORIES

Share it