kasaragod local

പഞ്ചായത്ത് തല പാലിയേറ്റീവ് നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

കാഞ്ഞങ്ങാട്: നിര്‍ധനരും അശരണരുമായ രോഗികളെ പരിചരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ നിയോഗിച്ച പാലിയേറ്റീവ് നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍.
3000 രൂപയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലുള്‍പ്പെടുത്തിയാണ് പാലിയേറ്റീവ് നഴ്‌സുമാരെ 2010 മുതല്‍ കേരളത്തില്‍ സാന്ത്വന പരിചരണരംഗത്ത് സേവനമനുഷ്ഠിക്കുന്നതിന് നിയമിച്ചത്. ശയ്യാവലംബരായി ഉറ്റവരുടെ പരിചരണം ലഭിക്കാത്ത ദയനീയ സ്ഥിതിയുള്ള രോഗികളുടെ പരിചരണമാണ് ഇവര്‍ ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ 3000 രൂപ മാത്രമാണ് ഇവര്‍ക്ക് ഓണറേറിയം ലഭിച്ചത്.
ഒന്നര വര്‍ഷത്തെ നഴ്‌സിങ് പരിചയവും പാലിയേറ്റീവ് നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് നിയോഗിക്കപ്പെട്ടത്. തിരഞ്ഞെടുത്ത നഴ്‌സുമാര്‍ക്ക് കുടുംബശ്രീ മിഷന്‍ സ്റ്റൈപ്പന്റ് നല്‍കുകയും പിന്നീട് പഞ്ചായത്തുകളില്‍ നിയമിക്കുകയുമായിരുന്നു.
പഞ്ചായത്താണ് ശമ്പളം നല്‍കുന്നതെങ്കിലും ആരോഗ്യവകുപ്പിന് കീഴിലാണ് ഇവരുടെ ജോലി. ഇപ്പോള്‍ ശമ്പളം 10,000 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഈ രംഗത്ത് പുതിയ പലരും വരാന്‍ തയ്യാറായിട്ടുണ്ട്. 2015 ഒക്ടോബറില്‍ തദ്ദേശസ്വംവരണ വകുപ്പ് ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം കൂടുതല്‍ യോഗ്യതയുള്ളവരെ ഈ രംഗത്ത് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. എസ്എസ്എല്‍സിയോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റുള്ളരെ മാത്രമേ ജോലിക്ക് നിയമിക്കു എന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചിട്ടുള്ളത്.
ഇതോടെ ഈ രംഗത്ത് നിലവില്‍ ജോലി ചെയ്യുന്ന ആയിരത്തിലധികം പാലിയേറ്റീവ് നഴ്‌സുമാര്‍ പ്രതിസന്ധിയിലായിലാണ്. ഒരു പഞ്ചായത്തില്‍ മുന്നൂറിലധികം രോഗികളെ പരിചരിച്ച് മികച്ച പ്രശംസ പിടിച്ചുപറ്റിയ പല നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്.ഇതില്‍ പ്രതിഷേധിച്ച് കേരള പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി വി പ്രസന്നകുമാരി, ജില്ലാ പ്രസിഡന്റ് പുഷ്പ, സെക്രട്ടറി ഓമന എന്നിവര്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it