Kollam Local

പഞ്ചായത്ത് അംഗത്തിന്റേയും സംഘത്തിന്റേയും അഴിഞ്ഞാട്ടം : ഗര്‍ഭിണിക്കും പോലിസുകാര്‍ക്കും ഉള്‍പ്പടെ മര്‍ദ്ദനം



കൊല്ലം: കാര്‍ തട്ടിയതിന്റെ പേരില്‍ നടുറോഡില്‍ പഞ്ചായത്ത് അംഗത്തിന്റേയും കൂട്ടുകാരുടേയും അഴിഞ്ഞാട്ടം. കാര്‍ യാത്രികരായ ഗര്‍ഭിണി ഉള്‍പ്പടെയുള്ളവര്‍ക്കും അക്രമികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു. കണ്ണനല്ലൂര്‍ സുധീര്‍ മന്‍സിലില്‍ ഗര്‍ഭിണിയായ തസ്്‌ലീമ, ഭര്‍ത്താവ് അനസ്, അനസിന്റെ സുഹൃത്ത് ഷെഫീക്ക്, കൊല്ലം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സത്യരാജ്, ജയലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. മദ്യലഹരിയില്‍ നഗരഹൃദയത്തില്‍ അഴിഞ്ഞാടിയ സിപിഎം നേതാവും നീണ്ടകര പഞ്ചായത്ത് അംഗവുമായ അന്റോണിയോ ജോര്‍ജ്ജിനേയും സുഹൃത്തുക്കളായ യേശുദാസ് സേവ്യര്‍, ആന്റണി ജോര്‍ജ് എന്നിവരേയും വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട്  ആറോടെയാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍കുളങ്ങരയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന സുധീറിന്റെ സാന്‍ട്രോ കാറില്‍ ജില്ലാ ജയിലിന് മുന്നില്‍ വച്ച് അന്റോണിയോ ജോര്‍ജ്ജും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചു. ഇന്നോവയില്‍ നിന്നും ചാടിയിറങ്ങിയ അന്റോണിയോയും സുഹൃത്തുകളും സാന്‍ട്രോ കാറില്‍ അഞ്ഞിടിച്ചു. കാറില്‍ നിന്നും പുറത്തേക്കിറങ്ങിയ സുധീറിനും സുഹൃത്ത് ഷെഫീക്കിനും നേരെ അസഭ്യവര്‍ഷം നടത്തിയ ശേഷം സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. തടയാനെത്തിയ സുധീറിന്റെ ഭാര്യ തസ്്‌ലീമയേയും മര്‍ദ്ദിച്ചു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിരയായി. സംവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘത്തിന് നേരെയും അക്രമം തുടര്‍ന്നു. ഏറെ പണിപ്പെട്ട് സംഘത്തെ വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും അഴിഞ്ഞാട്ടം തുടര്‍ന്നു.   സ്‌റ്റേഷനിലുണ്ടായിരുന്ന പോലിസുകാരെ അക്രമിക്കാന്‍ ശ്രമിച്ചു. വനിത പോലിസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ പോലിസുകാര്‍ സ്‌റ്റേഷന്‍ പൂട്ടി പുറത്തേക്കിറങ്ങി.  കൂടുതല്‍ പോലിസ് സംഘം സ്ഥലത്തെത്തിയാണ് സംഘത്തെ നിയന്ത്രിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. സുധീറും ഭാര്യയും സുഹൃത്തും സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ പോലിസുകാര്‍ ജില്ലാ ആശുപത്രിയിലും ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it