malappuram local

പഞ്ചായത്തുകളെ ലഹരിമുക്തമാക്കാന്‍ പുതിയ ഭരണസമിതി മുന്‍കൈയെടുക്കണം

മലപ്പുറം: പഞ്ചായത്തുകളെ ലഹരിമുക്തമാക്കാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതികള്‍ മുന്‍കൈയെടുക്കണമെന്ന് എഡിഎം കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാതല വ്യാജമദ്യ നിര്‍മാര്‍ജന ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്പഞ്ചായത്തു തലങ്ങളില്‍ വ്യാജമദ്യ നിര്‍മാര്‍ജന സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് വാര്‍ഡ്തലങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കണം. എക്‌സൈസ് വകുപ്പും പഞ്ചായത്ത് വകുപ്പും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ലഹരി വിപത്തിനെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധമായി പഞ്ചായത്തുകള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.
സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിന് പഞ്ചായത്ത് ഭരണസമതികള്‍ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നത് കര്‍ശനമായി തടയുന്നതിന് കടകളില്‍ പരിശോധന നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ പാടില്ലെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കും. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മിനി ഊട്ടി, കോട്ടക്കല്‍ നഗരസഭയിലെ ഉദ്യാനപാത എന്നിവിടങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകും. ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്ന ദിവസങ്ങളില്‍ അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലഹരിവിരുദ്ധ പവ്‌ലിയന്‍ തുറക്കും.
സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ കാലയളവില്‍ ജില്ലയില്‍ 1393 റെയ്ഡുകള്‍ നടത്തി 194 അബ്കാരി കേസുകളും 38 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ ടി വി റാഫേല്‍ യോഗത്തില്‍ അറിയിച്ചു. 213 പേരെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്തു. 682.49 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 24.65 ലിറ്റര്‍ ചാരായം, 12.15 കിലോ കഞ്ചാവ്, 4.5 ലിറ്റര്‍ കള്ള്, 600 ലിറ്റര്‍ കള്ള്, 50.19 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു.
കുറ്റിപ്പുറം റെയ്ഞ്ച് പരിധിയില്‍ നിന്ന് 2.35 ഗ്രാം ബ്രൗണ്‍ഷുഗറും മലപ്പുറം റെയ്ഞ്ച് പരിധിയില്‍ നിന്ന് അഞ്ചു ഗ്രാം കറുപ്പും പിടിച്ചെടുത്തു. യോഗത്തില്‍ തിരൂര്‍ ആര്‍ഡിഒ ജെ ഒ അരുണ്‍ മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മദ്യനിരോധന സമിതി പ്രസിഡന്റ് പി കെ നാരായണന്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it