palakkad local

പഞ്ചായത്തുകളിലെ മാലിന്യപ്രശ്‌ന പരിഹാരംഇനി ഹരിത കര്‍മസേനകളുടെ കൈകളില്‍

പെരിങ്ങോട്ടുകുറുശ്ശി: ജില്ലയിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരമായി ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അജൈവ മാലിന്യ സംസ്‌കരണ പദ്ധതികള്‍ വിജയത്തിലേക്ക്. പ്ലാസ്റ്റിക്കുകളുള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനായി രൂപീകരിച്ച ഹരിതകര്‍മസേന ജില്ലയില്‍ 26ഓളം പഞ്ചായത്തുകളില്‍ സജീവമായിക്കഴിഞ്ഞതോടെ ഇവര്‍ക്കുള്ള പരിശീലനത്തിന് ഈ മാസം ആദ്യവാരം മുതല്‍ തുടക്കമായി. പദ്ധതി വിജയത്തിലെത്തുന്നതോടെ മറ്റു പഞ്ചായത്തുകളില്‍ കൂടി സേന രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഹരിത കര്‍മ സേനക്ക് പരിശീലനം നല്‍കുന്നവര്‍ക്കുള്ള പരിശീലനം 3,4,5 തിയ്യതികളില്‍ തൃശൂരിലെ കിലായി (നിള) ല്‍ നടന്നു. കുടുംബശ്രീ പ്രവര്‍ത്തകരടങ്ങുന്നതാണ് ഹരിതസേനയെന്നിരിക്കെ ഇവര്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ അതത് പഞ്ചായത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്ന മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കുകയാണ് രീതി. ഇവിടെ നിന്നും ഇത് ബ്ലോക്കു തലത്തിലുള്ള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്കു മാറ്റും. ഇതിനായി പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റും എയറോബിക് കംപോസ്റ്റ് യൂനിറ്റുമുണ്ടാകും. ഇതിനുശേഷം ഇവിടങ്ങളില്‍ നിന്ന് മാലിന്യം ക്ലീന്‍ കേരള കമ്പനി കൊണ്ടുപോവും. ഇ - മാലിന്യവും ക്ലീന്‍ കേരള കമ്പനി സ്വീകരിക്കുമെന്നതിനാല്‍ ഇതും പാഴാവില്ല. മാലിന്യത്തില്‍ നിന്നുമുള്ള പ്ലാസ്റ്റിക്കുകള്‍ റോഡു നിര്‍മാണത്തിനും മറ്റുമുള്ള അസംസ്‌കൃത വസ്തുക്കളായിട്ടുപയോഗിക്കാനാണ് പദ്ധതി. പഞ്ചായത്തുകളിലെ ഒരു വാര്‍ഡില്‍ നിന്നും 2 പേരെങ്കിലും ഹരിത കര്‍മ സേനയില്‍ ഉണ്ടായിരിക്കണമെന്നിരിക്കെ ഇതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റുള്ളവരെ സേനയിലേക്ക് പരിഗണിക്കൂ. അംഗങ്ങള്‍ക്ക് സാങ്കേതികത സംബന്ധിച്ചുള്ള പരിശീലനം നല്‍കിയ ശേഷം മാത്രമായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുവഴി സേനയിലെ ഒരംഗത്തിന് പ്രതിമാസം 6000 രൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തുടര്‍ന്ന ഇതൊരു സ്വയം സംരംഭക പദ്ധതിയാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it