Kottayam Local

പഞ്ചായത്തുകളിലെ പദ്ധതി നിര്‍വഹണം പുരോഗതിയിലേക്ക്



എരുമേലി: പഞ്ചായത്തുകളിലെ പദ്ധതി നിര്‍വഹണം മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരോഗതിയിലേക്കെത്തുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറാവുമ്പോള്‍ ധൃതിപിടിച്ച് പദ്ധതികള്‍ നടപ്പാക്കുന്ന രീതിയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ പഞ്ചായത്തുകളില്‍ തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍, തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന പദ്ധതി നിര്‍വഹണം ത്വരിതപ്പെടുകയായിരുന്നു. സാമ്പത്തിക വര്‍ഷാവസാനം കൂട്ടത്തോടെ പദ്ധതികള്‍ക്കു രൂപം നല്‍കുന്നതും പൂര്‍ത്തീകരിക്കുന്നതും കാര്യക്ഷമതയെ ബാധിക്കുന്നതായി നേരത്തെ തന്നെ വിമര്‍ശനമുയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇത്തരമൊരു രീതി ഇനിയുണ്ടാവരുതെന്നു മന്ത്രി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പിന്റെ ഡയറക്ടര്‍ പ്രത്യേക ഉത്തരവും ഇറക്കി. നിര്‍ദേശം ലഭിച്ചു രണ്ടു മാസം വൈകിയാണെങ്കിലും സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കി ഭരണാനുമതി വാങ്ങുന്നതിലേക്കു കാര്യങ്ങളെത്തിയത് ശ്രദ്ധേയമായ നേട്ടമാണ്. നിര്‍ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരും അസി. എന്‍ജിനീയര്‍മാരും സസ്‌പെന്‍ഷനിലാവുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി പഞ്ചായത്തില്‍ വരാനിരിക്കുന്ന തീര്‍ത്ഥാടന കാലത്തെ ക്രമീകരണങ്ങള്‍ക്കുള്ള പദ്ധതികള്‍ വരെ തയ്യാറാക്കി അനുമതി വാങ്ങിയിരിക്കുകയാണ്. 2017 മാര്‍ച്ച് 31നകം പദ്ധതിരേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങി ഏപ്രില്‍ ഒന്നു മുതല്‍ നിര്‍വഹണം തുടങ്ങണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം. ഇത് അതേപടി നടപ്പാക്കാനായില്ലെങ്കിലും ജൂണ്‍ ആദ്യവാരം ആസൂത്രണ സമിതിയുടെ അംഗീകാരം തേടാനായിട്ടുണ്ട്. അനുമതി കിട്ടിയ പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് നടപ്പില്‍ വരുത്തണം. കഴിഞ്ഞ വര്‍ഷത്തെ വരവു ചെലവ് കണക്കുകള്‍കൂടി സമര്‍പ്പിച്ച ശേഷമാണ് പഞ്ചായത്തുകള്‍ക്ക് ഇത്തവണ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച കലണ്ടര്‍ അടിസ്ഥാനമാക്കി പദ്ധതി നിര്‍വഹണം നടത്താനാണു നിര്‍ദേശം.
Next Story

RELATED STORIES

Share it